കാസർകോട്: കാലങ്ങളുടെ കാത്തിരിപ്പിനുശേഷം കാസർകോട് എം.ജി റോഡ് മിനുങ്ങുന്നു. ഇന്നു മുതൽ റോഡ് നവീകരണ പ്രവർത്തനം ആരംഭിക്കും. 1.10 കോടി രൂപ ചിലവിൽ മെക്കാഡം ടാറിംഗാണ് നടത്തുന്നത്.

രാവും പകലും പണിയെടുത്ത് രണ്ടാഴ്ചകൊണ്ട് പ്രവൃത്തി തീർക്കാനാണ് ശ്രമം. ഗതാഗത നിയന്ത്രണവുമുണ്ടാകും. റോഡിന്റെ ഒരു ഭാഗത്ത് ടാറിംഗ് നടത്തുമ്പോൾ മറുഭാഗം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് ആലോചിക്കുന്നത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മുതൽ ട്രാഫിക് സർക്കിൾ വരെയാണ് നവീകരിക്കുന്നത്.

ആദ്യ അഞ്ചു ദിവസം കിളച്ചെടുത്ത് നിരപ്പാക്കുന്ന റോഡ് തുടർന്നുവരുന്ന ദിവസങ്ങളിൽ ടാറിംഗ് നടത്തും. കിളച്ചെടുക്കൽ രാത്രിയും മെക്കാഡം ടാറിംഗ് പകലുമാണ് ചെയ്യുക. നവീകരണം പൂർത്തിയായാൽ ഇരുവശത്തെയും ഓവുചാലുകളുടെ പുനർനവീകരണവും നടത്തും. പ്രളയക്കെടുതി പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപയുടെ പദ്ധതിക്കാണ് അനുമതിക്കായി സമർപ്പിച്ചിട്ടുള്ളത്.

ഓവുചാൽ രണ്ടു പതിറ്റാണ്ടിലേറെയായി നവീകരിക്കാത്തതു കാരണം പലയിടത്തും മണ്ണുനിറഞ്ഞ് അടഞ്ഞുകിടക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ സ്ലാബിൽ കാൽ കുടുങ്ങി യാത്രക്കാർക്കാണ് അപകടം സംഭവിക്കുന്നതും പതിവാണ്.

മഴയായതു കാരണമാണ് ടാറിംഗ് വൈകിയതെന്ന് നഗരസഭ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം പറഞ്ഞു. പി.ഡബ്ല്യു.ഡിയാണ് ടാറിംഗ് നടത്തുന്നത്. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നത്.

അതിനിടെ റോഡ് നവീകരണത്തിന് മുന്നോടിയായി കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ റോഡിൽ ജില്ലിയും സിമന്റ് പൊടിയും ചേർത്ത് കുഴച്ചു കൊണ്ടിട്ടത് വിമർശനത്തിന് കാരണമായിരുന്നു. മെക്കാഡം ടാറിംഗിന് മുമ്പ് കുഴികൾ നികത്താനെന്ന പേരിൽ രാത്രിയാണ് വാഹനത്തിൽ കൊണ്ടുവന്ന് കുഴമ്പു രൂപത്തിലാക്കിയ മിശ്രിതം റോഡിൽ തള്ളിയത്. രാവിലെ നഗരത്തിൽ എത്തിയ യാത്രക്കാർ മുഴുവൻ സിമന്റ് പൊടിയിലും ചെളിയിലും കുളിക്കേണ്ടുന്ന അവസ്ഥയുണ്ടായിരുന്നു. പഴയ ബസ് സ്റ്റാൻഡിലെ ചെളി കാരണം ബസിൽ കയറാൻ പറ്റിയിരുന്നില്ലെന്ന് ആരോപണവുമുണ്ടായി.