കാസർകോട്: ആറു മാസം മുമ്പ് കാണാതായ അണങ്കൂർ പച്ചക്കാട്ടെ മുഹമ്മദ് ഷാമിലിന്റെ (21) തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുന്നു. വിദ്യാർത്ഥി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ഇക്കഴിഞ്ഞ ഏപ്രിൽ 17നാണ് ഷാമിലിനെ കാണാതായത്. ഇതുസംബന്ധിച്ച് പിതാവ് സലീം നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവദിവസം വീട്ടിൽ നിന്നും മാതാവിനോട് പറഞ്ഞ് കാറെടുത്ത് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഉഡുപ്പിയിൽ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

മംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളജിൽ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു ഷാമിൽ. നേരത്തെ കാസർകോട് ടൗൺ എസ്.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗോവ, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തിയിരുന്നുവെങ്കിലും സൂചനയൊന്നും ലഭിച്ചിരുന്നില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടിൽ ബന്ധപ്പെടുന്ന ഇന്റർനെറ്റ് പ്രോട്ടോകോൾ വിലാസം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വിദ്യാർത്ഥിയെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് സൈബർ സെൽ.