കണ്ണൂർ: പഴയ കാലത്ത് അവർണരെ നീചരെന്നാരോപിച്ച് തള്ളിയെങ്കിൽ ഇന്ന് അമ്പതിനും പത്തിനും വയസിന് ഇടയിലുള്ള സ്ത്രീകൾക്ക് നേരെയാണ് ഈ ആക്ഷേപമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സ്ത്രീകൾ താഴ്ന്നവരാണെന്ന് ഒരു ദൈവവും കരുതില്ലെന്നും ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികാഘോഷത്തിന്റെ ജില്ലാതല ചടങ്ങ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
പൂർവികരെങ്ങനെയാണ് അവകാശബോധവും സ്വാതന്ത്ര്യവുമുള്ള മനുഷ്യരായി നമ്മെ മാറ്റിയെടുത്തതെന്ന് ഓർമ്മിക്കാനാണ് വാർഷികാഘോഷം നടത്തുന്നത്. വിവേചനത്തിനെതിരായ സമരത്തിന്റെ ഭാഗമായാണ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം നടത്തിയതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേഷൻ മേയർ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് എന്നിവർ മുഖ്യാതിഥികളായി. കൗൺസിലർ ഇ. ബീന, ഐ.പി.ആർ.ഡി. ഡെപ്യൂട്ടി ഡയറക്ടർ കെ.പി. അബ്ദുൾ ഖാദർ, ഫോക്ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ, വൈസ് ചെയർമാൻ എരഞ്ഞോളി മൂസ എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ മീർ മുഹമ്മദ് അലി സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ നന്ദിയും പറഞ്ഞു.
കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച നവോത്ഥാന ചരിത്ര എക്സിബിഷൻ മന്ത്രിമാർ സന്ദർശിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സാംസ്കാരിക വകുപ്പും സംയുക്തമായാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. സാംസ്കാരിക സദസ് 13ന് വൈകീട്ട് അഞ്ചിന് കണ്ണൂർ ടൗൺ സ്ക്വയറിൽ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യും.