കണ്ണൂർ: വാഹനാപകടത്തിൽപെട്ടവരെ സഹായിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്യുന്നത് സാമൂഹ്യ ഉത്തവാദിത്തവും മൗലികമായ ചുമതലയുമാണെന്ന് ഗവർണർ ജസ്റ്റീസ്. പി.സദാശിവം പറഞ്ഞു.അപകടത്തിൽപെട്ടവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചാൽ ചികിത്സ നല്കിയാൽ ഡോക്ടർമാരുടെ ഉത്തരവാദിത്തം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ലുബ്നാഥ്ഷാ മെമ്മോറിയൽ ചാരിറ്റബിൾ .ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ആര്യബന്ധു പുരസ്കാരം ബി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും പ്രമുഖ വ്യവസായിയുമായ ഡോ. ഷംഷീർവയലിലിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചാൽ എത്തിച്ചവർ വിഷമത്തിലാകരുത്.അതുപോലെ അപകടത്തിൽപെട്ടവർക്ക് ചികിത്സനൽകുന്നതിനിടെ പൊലീസിന്റെ ചോദ്യം ചെയ്യലും കണക്കെടുപ്പും ഉണ്ടാവരുത് .ഇക്കാര്യത്തിൽ സുപ്രിംകോടതി വിധിയുണ്ടെന്നും ഗവർണർ പറഞ്ഞു.
കേരളം ഇന്നു വാഹന സാന്ദ്രതയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുൻപിലാണ്. മരിക്കുന്നവരിൽ കൂടുതലും അത്താണികളായിരുന്നതിനാൽ കുടുംബം അതോടെ ദാരിദ്ര്യത്തിലേക്ക് നീ്ങ്ങും.അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് പകരം മൊബൈലിൽ അപകടചിത്രം എടുക്കാൻ തിരക്ക്കൂട്ടുന്ന പ്രവണതയും കണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലുബ്്നാഥ്ഷാ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവൻരക്ഷാ ആപിന്റെ ഉദ്്ഘാടനവും ഗവർണർ നിർവഹിച്ചു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
മന്ത്രി കെ.കെ ശൈലജ, പി.കെ. ശ്രീമതി എം.പി, ഡോ.ഷംഷീർ വയലിൽ,ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.ഷാഹിൻ, സെക്രട്ടറി രജിത്രാജരത്നം എന്നിവർ സംസാരിച്ചു.
മേയർ ഇ.പി ലത,ജില്ലാപഞ്ചയത്ത് പ്രസിഡന്റ് കെ. വി സുമേഷ്, സി.എച്ച് അബൂബക്കർഹാജി,കെ. സുരേന്ദ്രൻ തുടങ്ങിയ പങ്കെടുത്തു.