പയ്യന്നൂർ: പ്രളയാനന്തര നവകേരള സൃഷ്ടിക്കായുള്ള ധനശേഖരണാർത്ഥം നീന്തലിലെ ലോക റെക്കോർഡ് താരം ചാൾസൺ ഏഴിമലയും 47 പേരും കവ്വായി കായൽ നീന്തിക്കടന്നു. ചാൾസൺ സിമ്മിംഗ് അക്കാദമി ട്രസ്റ്റിന്റെ ജലസാഹസിക പരിശീലന പരിപാടിയുടെ ഭാഗമായി കായലിന്റെ ഭാഗമായുള്ള ഏറൻപുഴയിലായിരുന്നു പരിപാടി. മറുകരയായ കാസർകോട് ജില്ലയിലെ വലിയപറമ്പിൽ രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി. ഗോവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു.
കതിരൂരിലെ അഞ്ച് വയസുകാരി റിവ റിജേഷ്, ആറുവയസുകാരൻ കണ്ണൂർ താവക്കരയിലെ അയാൻ സുഹൈബ് എന്നിവരും ജനങ്ങളെ വിസ്മയിപ്പിച്ച് നീന്തിക്കയറി. ലൈഫ് ഗാർഡുകളുടെ സുരക്ഷ ഒരുക്കിയെങ്കിലും ഇവർക്ക് സഹായം വേണ്ടി വന്നിരുന്നില്ല. പയ്യന്നൂർ മാവിച്ചേരിയിലെ എഴുപത്തൊന്നുകാരനായ കെ. ബാലകൃഷ്ണനും അറുപത്തെട്ട്കാരനായ കതിരൂരിലെ കെ.കെ. മോഹനനും അനായാസമായി കായൽ നീന്തിക്കടന്നു. പതിനൊന്ന് വനിതകളും നീന്തലിൽ പങ്കെടുത്തു.ഇനി 18ന് പഴയങ്ങാടി വയലപ്ര ഫ്ലോട്ടിംഗ് പാർക്കിൽ നാടൻ വള്ളങ്ങൾ, കായാക്കിംഗ്, യന്ത്രവത്കൃത യാനങ്ങൾ എന്നിവയിലും ഡിസംബർ രണ്ടിന് മുഴപ്പിലങ്ങാട് ബീച്ചിൽ കടൽ നീന്തലിലും 50 പേർക്ക് വീതം പരിശീലനം നൽകും. ഡിസംബർ 16ന് പയ്യാമ്പലം കടലിൽ ഇംഗ്ലീഷ് ചാനൽ നീന്താൻ തയ്യാറെടുക്കുന്ന രതീഷ് ആർ. ചെറിയഴീക്കൽ കൈകാലുകൾ ബന്ധിച്ച് ഒരുകിലോ മീറ്റർ നീന്തും. സംഭാവനയായി ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഡി.വൈ.എഫ്.ഐ. ജില്ലാ യൂത്ത് ബ്രിഗേഡിന്റെ സഹകരണത്തോടെയാണ് പരിപാടി.