കണ്ണൂർ : കേരള പൊലീസ് അസോസിയേഷൻ ജില്ലാ പഠനക്യാമ്പിനിടെ തോട്ടട കീഴുന്ന കടപ്പുറത്ത് കാൻബേ റിസോർട്ടിനോടു ചേർന്ന ആഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്ന് 50 പൊലീസുകാർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ നാലുപേരെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടു. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിച്ച ദ്വിദിന ജില്ലാ ക്യാമ്പിന്റെ ഉദ്ഘാടനത്തിനായി ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം എത്തുന്നതിന് മുമ്പായിരുന്നു അപകടം. വനിതകളുൾപ്പെടെ എൺപത് പൊലീസുകാർ ആഡിറ്റോറിയത്തിലുണ്ടായിരുന്നു. കെട്ടിടത്തിന്റെ ഇരുഭാഗത്തുമുള്ള കൽത്തൂണുകൾ അമർന്നതിന് പിന്നാലെയാണ് തെങ്ങിൻതടിയും ഓടും കൊണ്ട് നിർമ്മിച്ച മേൽക്കൂര പൂർണമായും നിലംപൊത്തിയത്.
കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പൊലീസും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. മിക്കവർക്കും തലയ്‌ക്കാണ് പരിക്ക്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കാനായി
തോട്ടട ടൗണിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെ ഒരു ചെറുവാഹനത്തിന് കഷ്‌ടിച്ച് പോകാനാകുന്ന ഇടുങ്ങിയ വഴി അവസാനിക്കുന്നിടത്താണ് റിസോർട്ട്. ഇതിന് സമീപത്തെ കെട്ടിടത്തിന് മാത്രമെ കോർപറേഷൻ ലൈസൻസുള്ളൂവെന്നും ആഡിറ്റോറിയം അനധികൃതമാണെന്നും ആരോപണമുണ്ട്. കണ്ണൂർ നഗരത്തിൽ തന്നെ പൊലീസിനായി രണ്ട് വിശാലമായ എ.സി ആഡിറ്റോറിയമുണ്ടെന്നിരിക്കെ, സ്വകാര്യ ആഡിറ്റോറിയം ഉപയോഗിച്ചതിനെതിരെ പൊലീസിലും വിമർശനമുണ്ട്.