കണ്ണൂർ: ഡി.ഡി-2 ന്യൂസ് സംപ്രേക്ഷപണം ചെയ്യുന്ന ദൂരദർശന്റെ കണ്ണൂരിലെ ലോ പവർ ട്രാൻസ്മിറ്റർ 18 മുതൽ പ്രവർത്തനം നിർത്താൻ പ്രസാർഭാരതി ബോർഡ് തീരുമാനിച്ചെന്ന് കണ്ണൂർ ദൂരദർശൻ മെയിന്റനൻസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

.

സോമിൽ തൊഴിലാളി തർക്കം ഒത്തുതീർന്നു

കണ്ണൂർ: സോമിൽ തൊഴിലാളികളുടെ കൂലി വർദ്ധന സംബന്ധിച്ച് കേനന്നൂർ ഡിസ്ട്രിക്ട് ടിമ്പർ പ്ലൈവുഡ് വർക്കേഴ്‌സ് യൂണിയൻ(എ.ഐ.ടി.യു.സി) ടിമ്പർ സോമിൽ പ്ലൈവുഡ് വർക്കേഴ്‌സ് യൂണിയൻ(സി.ഐ.ടി.യു) എന്നിവർ ഉന്നയിച്ച തർക്കം ജില്ലാ ലേബർ ഓഫീസർ ടി.വി. സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർന്നു. വ്യവസ്ഥയനുസരിച്ച് എല്ലാ വിഭാഗം തൊഴിലാളികൾക്കും ദിവസവേതനത്തിൽ 50 രൂപ വർദ്ധനവ് നൽകും. വർദ്ധനവ് നവംബർ അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് കെ.സി. മുഹമ്മദ് ബഷീർ, ജോസ് കുമാർ എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് എൽ.വി. മുഹമ്മദ്, (സി.ഐ.ടി.യു) താവം ബാലകൃഷ്ണൻ (എ.ഐ.ടി.യു.സി) എന്നിവരും പങ്കെടുത്തു.

ക്ഷേത്രപ്രവേശന വിളംബരം
ആഘോഷം ഇന്ന് സമാപിക്കും
കണ്ണൂർ: ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്ഷേത്രപ്രവേശന വിളംബരം 82-ാം വാർഷികാഘോഷം ഇന്ന് സമാപിക്കും. വൈകീട്ട് 5ന് കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടക്കുന്ന സാംസ്‌കാരിക സദസ് പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. നാടകകൃത്ത് ഇബ്രാഹിം വെങ്ങര, നിരൂപകൻ ഇ.പി. രാജഗോപാലൻ എന്നിവർ സംസാരിക്കും.