തളിപ്പറമ്പ്: ശബരിമല വിഷയത്തിൽ വഴിമുടക്കികളോടൊപ്പം ചേർന്ന കോൺഗ്രസ് വലിയ അപകടത്തിലേക്കാണ് ചെന്നുചാടിയിരിക്കുന്നതെന്ന് മന്ത്റി ഇ.പി. ജയരാജൻ പറഞ്ഞു.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികത്തോടനുബന്ധിച്ച് മൊറാഴ കൂളിച്ചാലിൽ ഒരുക്കിയ നവോത്ഥന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ പേരും പറഞ്ഞ് ഒരു കൂട്ടർ തെരുവിൽ ശരണം വിളിച്ചു കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം സന്നിധാനത്ത് ശ്രീകോവിലിനു സമീപം മൂത്രമൊഴിച്ചും രക്തം വീഴ്ത്തിയും അശുദ്ധി വരുത്തി നടയടപ്പിക്കാനുള്ള ശ്രമം വരെ നടന്നു. ഇക്കൂട്ടർ ദൈവവിശ്വാസം കാത്തുസൂക്ഷിക്കാനല്ല ശ്രമിക്കുന്നത്. മറിച്ച്, ജാതീയവും മതപരവുമായ ചേരിതിരിവുണ്ടാക്കി വോട്ട് നേടാനുളള നീക്കമാണ്. ഉൾപ്പെടെ ഒരു കാലത്ത് നവോത്ഥാന പ്രസ്ഥാനത്തിന്റെ നേത്യനിരയിൽ കെ കേളപ്പനെ പോലുള്ള കോൺഗ്രസ് നേതാക്കളുണ്ടായിരുന്നുവെന്നത് ഓർക്കേണ്ടതുണ്ട്. പിന്തിരിപ്പൻ ആശയങ്ങളെയും ശിഥിലീകരണ പ്രവണതകളെയും വകഞ്ഞുമാറ്റി ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ലോക്കൽ സെക്രട്ടറി കെ. ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. പി. കുഞ്ഞപ്പ, പി. ബാബുരാജ് എന്നിവർ സംസാരിച്ചു.