കാഞ്ഞങ്ങാട്: ശബരിമലയിൽ അയ്യപ്പഭക്തരുമായെത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾ അതത് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പാസ് വാങ്ങിച്ചിരിക്കണമെന്ന നിബന്ധന ഊരാക്കുടുക്കാവുമോയെന്ന ആശങ്കയിൽ വാഹന ഉടമകളും ഡ്രൈവർമാരും.
തീർത്ഥാടകരുമായി പോകുന്നതിനു മുമ്പു തന്നെ ഡ്രൈവർമാർ പൊലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെടണം. യാത്രപോകുന്ന തീയ്യതി, മടങ്ങി വരുന്ന തീയ്യതി, തീർത്ഥാടകരുടെ എണ്ണം എന്നിങ്ങനെ വിശദമായി വിവരം കൊടുത്താൽ മാത്രമേ പാസ് ലഭിക്കുകയുള്ളൂ. ഇങ്ങനെ പാസ് ലഭിച്ച വാഹനങ്ങളിലെ ഭക്തർ സന്നിധാനത്ത് അതിക്രമം കാട്ടിയാൽ വാഹനം കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങും. ഇതാണ് ഉടമകളുടെയും ഡ്രൈവർമാരുടെയും ആശങ്കയ്ക്കടിസ്ഥാനം.
മണ്ഡലകാല പൂജയ്ക്കു പോകുന്ന ഭക്തർ നവംബർ മുതൽ തന്നെ വാഹനങ്ങൾ ബുക്കു ചെയ്യാറുണ്ട്. നൂറിലേറെ ടൂറിസ്റ്റ് വാഹനങ്ങളുള്ള കാഞ്ഞങ്ങാട്ട് ഇതുവരെയായി ഒരു വാഹനം പോലും ബുക്കു ചെയ്തിട്ടില്ല. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച് സമർപ്പിച്ച പുനഃപ്പരിശോധന ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. മണ്ഡലവിളക്കുകാലം സമാധാനപരമായ അന്തരീക്ഷത്തിൽ നടക്കാനുള്ള നിർദ്ദേശം കോടതിയുടെ ഭാഗത്തുനിന്നുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ഓരോ മലയാളിയും.