കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട മച്ചംപാടിയിൽ ലീഗ്, എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അഞ്ചു വീടുകൾ കല്ലെറിഞ്ഞ് തകർക്കുകയും ഒരു പിക്കപ്പ് വാൻ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ഗുരുതരമായി പരിക്കേറ്റ എസ്.ഡി.പി.ഐ പ്രവർത്തകൻ ജലാലിയ നഗറിലെ അബ്ദുർ റഹ്മാന്റെ മകനും വികലാംഗനുമായ ജബ്ബാറിനെ (33) മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ എസ്.ഡി.പി.ഐ പ്രവർത്തകരായ അബ്ദുൽ ഖാദറിന്റെ മകൻ അബ്ദുൽ ലത്വീഫ് (33), മോണു ഹാജിയുടെ മകൻ മുബഷീർ (17), മൊയ്തീന്റെ മകൻ മുഫുള്ളാൽ (15), ഫാറൂഖിന്റെ മകൻ ഫാരിസ് (11) എന്നിവരെ കാസർകോട് ജനറൽ ആശുപത്രിയിലും ലീഗ് പ്രവർത്തകരായ ഹസൈനാറിന്റെ മകൻ മുഹമ്മദ് ഇഖ്ബാൽ (32), യൂസഫിന്റ മകൻ യൂനുസ് (18), ഹനീഫിന്റെ മകൻ സഅദ് (15) എന്നിവരെ കുമ്പള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് മഞ്ചേശ്വരം എസ്.ഐ ഷാജിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഏതാനും ദിവസം മുമ്പ് ഇവർ തമ്മിലുണ്ടായ പ്രശ്നമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.
മച്ചംപാടിയിലെ പുത്തബ്ബഹാജി, ഷഫീഖ്, മൊയ്തു, ഇസ്മാഈൽ, ഫാറൂഖ് എന്നിവരുടെ വീടുകളാണ് തകർക്കപ്പെട്ടത്. ഇസ്മാഈലിന്റെ വീട്ടു പരിസരത്ത് പാർക്ക് ചെയ്തിരുന്ന ടെമ്പോ വാനിന്റെ ചില്ലുകൾ അടിച്ചു തകർത്തു. രണ്ട് കാറിലും മൂന്ന് ബൈക്കിലുമെത്തിയകർണാടകയിലെ ഒരു കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് വ്യാപകമായ ആക്രമണങ്ങൾ നടത്തിയതെന്ന് ആശുപത്രിയിലുള്ള എസ്.ഡി.പി.ഐ പ്രവർത്തകർ പറഞ്ഞു. അതേ സമയം എസ്.ഡി.പി.ഐ പ്രവർത്തകർ നാട്ടിൽ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ച് സംഘടന വളർത്താൻ ശ്രമിക്കുന്നത് തടഞ്ഞതിന്റെ വൈരാഗ്യത്തിൽ വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് ലീഗ് കേന്ദ്രങ്ങൾ ആരോപിക്കുന്നു.