തൃക്കരിപ്പൂർ: മാണിയാട്ട് കോറസ് കലാസമിതിയുടെ എൻ.എൻ പിള്ള സ്മാരക സംസ്ഥാന നാടക മത്സരത്തിന് നാളെ തിരശ്ശീല ഉയരും. വൈകീട്ട് ആറിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൻ.എൻ പിള്ള പുരസ്കാരത്തിന് അർഹനായ സിനിമ നടൻ ജനാർദ്ദനന് ഉപഹാരം സമർപ്പിക്കും. കേരള സ്റ്റേറ്റ് പോസ്റ്റൽ ഫുട്ബാൾ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ബി.കെ അനഘിനെ ചടങ്ങിൽ അനുമോദിക്കും.
17 ന് മാണിയാട്ട് പാലിയേറ്റിവ് കെയർ സൊസൈറ്റിക്കും എൻ.എൻ പിള്ള സ്മാരക മന്ദിരത്തിനുമായി നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ നിർവ്വഹിക്കും. ചടങ്ങിൽ സിനിമ നടൻ ഇന്ദ്രൻസ്, വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ആദരിക്കും. ഉദ്ഘാടന ദിവസം തിരുവനന്തപുരം സംഘചേതനയുടെ 'കടുകോളം വലുത്', 15 നു അമ്പലപ്പുഴ സാരഥിയുടെ കപടലോകത്തെ ശരികൾ, 16 നു കൊച്ചിൻ നടനയുടെ നോട്ടം, 17 നു വടകര കാഴ്ചയുടെ ഓലപ്പുര, 18 നു കായംകുളം ദേവയുടെ ഇമ്മിണി വല്യ ഒന്ന്, 19 നു തിരുവനന്തപുരം സംസ്കൃതിയുടെ വൈറസ്, 20 ന് കൊല്ലം അസീസിയുടെ ഓർക്കുക വല്ലപ്പോഴും, 21 നു ഓച്ചിറ തരംഗത്തിന്റെ ഇവൻ നായിക, സമാപന ദിവസമായ 22 നു കായം കുളം സപര്യയുടെ ദൈവത്തിന്റെ പുസ്തകം എന്നിവയാണ് അരങ്ങിലെത്തുന്ന നാടകങ്ങൾ. ആറായിരം പേർക്ക് ഇരുന്നു നാടകം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്..
സമാപന സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി കെ.പി ജ്യോതീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. നാളെ വൈകീട്ട് നാലിന് കൊടക്കാടിൽ നിന്നും ആരംഭിക്കുന്ന നാടകജ്യോതി പ്രയാണത്തോടെയാണ് പരിപാടികൾ ആരംഭിക്കുക. നാടകം കാണാനെത്തുന്ന പൊതുജനങ്ങളുടെ യാത്രാ സൗകര്യത്തിനായി ചെറുവത്തൂർ, പടന്ന, വലിയപറമ്പ, തൃക്കരിപ്പൂർ, കരിവെള്ളൂർ, പയ്യന്നൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് സൗജന്യ ബസ് സൗകര്യവുമുണ്ടാകും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ഭാരവാഹികളായ മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ, എം.വി കോമൻ നമ്പ്യാർ, ടി.വി ബാലൻ, ടി.വി നന്ദകുമാർ, കെ.എൻ. തമ്പാൻ, സി. നാരായണൻ, ബിജു നെട്ടറ, ഇ. ഷിജോയ് എന്നിവർ പങ്കെടുത്തു.