കണ്ണൂർ: കേരള ക്ലേസ് ആന്റ് സെറാമിക്സിന്റെ മാങ്ങാട്ടുപറമ്പിലെ ഐ.ടി. ഹബ് ജനുവരിയിൽ പ്രവർത്തനം തുടങ്ങും. നിർമ്മാണ പ്രവൃത്തി വിലയിരുത്താനെത്തിയ മന്ത്രി ഇ.പി. ജയരാജൻ കമ്പനി ചെയർമാനും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഐടി ഹബ്ബിന്റെ 60 ശതമാനം സ്ഥലവും ബുക്കിംഗ് കഴിഞ്ഞു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ കമ്പനികളും താത്പര്യമറിയിച്ചിട്ടുണ്ട്. ഇതിലൊരു ഭാഗം പുതുതായി സ്റ്റാർട്ടപ്പ് ആശയങ്ങളുമായി വരുന്നവർക്കായുള്ള ഇൻക്യുബേഷൻ സെന്റർ എന്ന രീതിയിൽ മാറ്റിവച്ചിട്ടുണ്ട്.
സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് 4.6 കോടി രൂപ ചിലവിലാണ് പഴയ യൂണിറ്റ് നവീകരിച്ച് സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ ആന്റ് ഇന്നൊവേഷൻ സെന്ററാക്കുന്നത്. 23000 ചതുരശ്ര അടി സ്ഥലത്താണ് നിർമ്മാണം.
വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരിയിൽ പെട്രോൾ പമ്പ് ആരംഭിക്കും. ഇതിനായി ബി.പി.സി.എല്ലുമായി കരാർ ഒപ്പുവച്ചു. മാങ്ങാട്ടുപറമ്പിൽ തെങ്ങിൻ തടി കൊണ്ട് വിവിധ ഉത്പ്പന്നങ്ങൾ നിർമ്മിച്ച് വിപണനം ചെയ്യാനുള്ള ഫർണിച്ചർ ഹബ്ബും ആരംഭിക്കും. പാപ്പിനിശ്ശേരിയിലെ കമ്പനി ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ ചെയർമാൻ ടി.കെ. ഗോവിന്ദൻ, ടി.വി. രാജേഷ് എം.എൽ.എ, എം.ഡി. എസ്. അശോക് കുമാർ, ജനറൽ മാനേജർ കെ.ടി. മുഹമ്മദ് ബഷീർ, അക്കൗണ്ട്സ് മാനേജർ ജിൽജിത്ത്, ഇലക്ട്രിക്കൽ എൻജിനീയർ കൃഷ്ണകുമാർ, അസിസ്റ്റന്റ് മാനേജർ മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.