kannur-airport

മട്ടന്നൂർ (കണ്ണൂർ): കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യ സർവീസിനുള്ള ടിക്കറ്റുകൾ 55 മിനിറ്റിനകം വിറ്റു തീർന്നു. ഡിസംബർ 9ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ടിക്കറ്റുകളാണ് ചെറിയ സമയത്തിനകം തന്നെ തീർന്നത്. കൂത്തുപറമ്പ് സ്വദേശി കെ.പി.കെ. ഷെരീഫിനാണ് ആദ്യടിക്കറ്റ് ലഭിച്ചത്.

12.40ന് തുടങ്ങിയ ടിക്കറ്റ് ബുക്കിംഗ് 1.35ഓടെ തീർന്നു. അബുദാബിയിലേക്കുള്ള എക്സ്‌പ്രസ് വാല്യു ടിക്കറ്റിന് ബുക്കിംഗ് തുടങ്ങിയപ്പോഴുണ്ടായിരുന്ന നിരക്കായ 9998.81 രൂപ ബുക്കിംഗ് അവസാനിച്ചപ്പോൾ 25,000 ആയി വർദ്ധിച്ചു. എക്‌സ്‌പ്രസ് ഫ്‌ളെക്‌സി ടിക്കറ്റിന്റെ നിരക്കും ബുക്കിംഗ് തുടങ്ങി മിനിറ്റുകൾക്കകം കുതിച്ചു കയറി. ആയിരത്തോളം പേർ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചതാണ് വില ഉയരാൻ കാരണമായത്.

ഉദ്ഘാടന ദിനമായ ഡിസംബർ 9ന് കണ്ണൂർ വിമാനത്താവളത്തിൽ നാല് അന്താരാഷ്ട്ര സർവീസുകളാണുണ്ടാവുക.അബുദാബിക്കു പുറമെ മസ്‌കറ്റ്, റിയാദ്, ദോഹ, ഷാർജ എന്നിവിടങ്ങളിലേക്കും സർവീസുകൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

. ഷെരീഫിന് സ്വപ്നം യാഥാർത്ഥ്യമായ സന്തോഷം

കഴിഞ്ഞ പത്തുവർഷമായി വിവിധ ആവശ്യങ്ങൾക്കായി ഗൾഫിലേക്ക് പറന്ന തില്ലങ്കേരി സ്വദേശി കെ.പി.കെ. ഷെരീഫ് കണ്ണൂരിൽ നിന്നുള്ള ആദ്യടിക്കറ്റുകാരനായതിന്റെ സന്തോഷത്തിലാണ്. ഇന്നലെ ഉച്ചക്ക് 12.40 ഓടെയോടെയാണ് ഷെരീഫ് ടിക്കറ്റ് ബുക്കുചെയ്തത്. കൂത്തുപറമ്പ് ടൗണിലെ ഫ്‌ളൈവിംഗ്സ് ട്രാവൽസ് ഉടമയാണ് ഷെരീഫ്.