ആറളം: ആറളം വന്യജീവി സങ്കേതത്തെയും ആറളം ഫാം ആദിവാസി പുനരധിവാസ മേഖലകളെയും വേർതിരിക്കുന്ന പ്രദേശങ്ങളിൽ ആനയുൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണം പ്രതിരോധിക്കാൻ സ്ഥാപിച്ച ആന മതിലിന്റെ തകർന്ന ഭാഗങ്ങളിലെ പുനർനിർമ്മാണം വീണ്ടും തുടങ്ങി. കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തിൽ ഇവിടെ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് അധികൃതർ കണ്ണു തുറന്നത്.
കഴിഞ്ഞ കാലങ്ങളിൽ കാട്ടാനകൂട്ടം തകർത്തതും പ്രളയക്കെടുതിയിൽ തകർന്നതുമായ ആന മതിലിന്റ പുനർനിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്.വളയംചാലിലും മറ്റും തകർന്ന ഭാഗങ്ങളിലെ മതിൽ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്താനാണ് നീക്കം.
വന്യ ജീവി സങ്കേതത്തിൽ നിന്നും പുനരധിവാസ മേഖലകളിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിൽ പല സ്ഥലങ്ങളിലായി 300 മീറ്ററോളം മതിൽ പല ഘട്ടങ്ങളിലായി തകർന്നിരുന്നു. നൂറു മീറ്ററോളം റെയിൽ ഫെൻസിംഗും കിലോമീറ്ററോളം സൗരോർജ വേലിയും തകർന്നിരുന്നു.
പ്രതിരോധ മാർഗ്ഗങ്ങൾ തകർന്ന ഭാഗത്തു കൂടിയാണ് കാട്ടാനക്കൂട്ടങ്ങൾ ഉൾപ്പെടെയുള്ള വന്യ ജീവികൾ ജനവാസ മേഖലകളിലെത്തുന്നതെന്നായിരുന്നു ജനങ്ങളുടെ പരാതി.തകർന്ന പ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം ഇരിട്ടി താലൂക്ക് സഭയും വനംവകുപ്പിന് നിർദ്ദേശം നൽകിയിരുന്നു.
കോടികൾ മുടക്കിയിട്ടും ആനമതിൽ യാഥാർത്ഥ്യമാകാത്ത സാഹചര്യത്തിൽ കാട്ടാനകളുടെ വിളയാട്ടം ഇവിടങ്ങളിൽ കടുത്ത ഭീഷണി സൃഷ്ടിച്ചിരുന്നു. ജനവാസകേന്ദ്രത്തിൽ കാട്ടാനകൾ തങ്ങുന്ന നിലയിലേക്ക് എത്തിയതോടെ അവയുടെ ആക്രമണത്തിൽ എട്ടു പേരാണ് കൊല്ലപ്പെട്ടത്.