കണ്ണൂർ: ആട്ടവിളക്കിന് മുന്നിൽ നിരവധി കഥാപാത്രങ്ങൾക്ക് വേഷപ്പകർച്ച നൽകിയ പറശ്ശിനി കുഞ്ഞിരാമനാശാൻ ഇനി കഥകളി ആസ്വാദകരുടെ ഒാർമ്മകളിൽ മാത്രം. ഭീമനും പാഞ്ചാലിയും ഹനുമാനും ദുര്യോധനനും നളനും ദമയന്തിയുമെന്നിങ്ങനെ ആശാൻ വേദിയിൽ പകർന്നാടിയ കഥാപാത്രങ്ങൾ നിരവധി.
വള്ളത്തോൾ കലാമണ്ഡലത്തിന്റെ വികസന പ്രവർത്തനത്തിന്റെ ഭാഗമായി പയ്യന്നൂരിൽ വെച്ച് വള്ളത്തോൾ, കലാമണ്ഡലം കൃഷ്ണൻ നായർ തുടങ്ങിയ മഹാരഥന്മാർക്ക് മുന്നിൽ വേഷമാടിയിട്ടുണ്ട് കുഞ്ഞിരാമനാശാൻ.
അദ്ദേഹത്തിന്റെ നടന വൈഭവം കണ്ട വള്ളത്തോൾ കലാമണ്ഡലത്തിലേക്ക് ക്ഷണിച്ച് ഒരു കുറിപ്പും കുഞ്ഞിരാമനാശാന് കൊടുത്തയച്ചിരുന്നു.
എന്നാൽ പറശ്ശിനിക്കടവ് മുത്തപ്പനെയും തന്നെ വളർത്തിയ കുഞ്ഞിരാമൻ മടയനെയും ഒാർത്ത് കുഞ്ഞിരാമനാശാൻ അത് സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു. പറശ്ശിനി മടപ്പുരയുടെ സ്നേഹവലയത്തിലാണ് വാർധക്യത്തിന്റെ അവശതയിലേക്കെത്തും വരെ അദ്ദേഹം ജീവിച്ചത്.
കിരാതത്തിലെ കാട്ടാള വേഷം മുത്തപ്പന് സമർപ്പിച്ചാണ് ആട്ടവേദിയിൽ നിന്നും അദ്ദേഹം പിൻവാങ്ങിയത്. രാവണന്റെ അലർച്ച ഭൂമിയെ പിളർക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന അപൂർവ്വം കഥകളി കലാകാരന്മാരിൽ ഒരാളായിരുന്നു കുഞ്ഞിരാമനാശാൻ. കടത്തനാട് കൊച്ചു ഗോവിന്ദ പണിക്കരുടെ ശിഷ്യനായി കഥകളി ജീവിതം ആരംഭിച്ച അദ്ദേഹത്തിന് ഗുരു ചന്തു പണിക്കർ, ചിണ്ടൻ പണിക്കർ തുടങ്ങിയ ആചാര്യന്മാരോടൊപ്പം വേഷം കെട്ടാൻ അവസരം ലഭിച്ചു. തളിപ്പറമ്പ് ആസ്ഥാനമായി കഥകളി ട്രൂപ്പിന് രൂപം നൽകിയതും ആശാനായിരുന്നു.