കൂത്തുപറമ്പ്:കൈവരികൾ തകർന്നതിനെ തുടർന്ന് കണ്ണൂർ കൂത്തുപറമ്പ് റൂട്ടിലെ മമ്പറം പാലത്തിലൂടെയുള്ള വാഹനയാത്ര ദുഷ്ക്കരമായി. എട്ടു വർഷത്തിലേറെയായി ദുർബലാവസ്ഥയിലുള്ള പാലത്തിന്റെ കൈവരികൾ പലതും തകർന്നതോടെ അപകടസാദ്ധ്യത വർദ്ധിച്ചിരിക്കയാണ്.തൂണുകൾക്കുണ്ടായ ബലക്ഷയത്തെ തുടർന്നാണ് എട്ടുവർഷം മുൻപ് മമ്പറം പാലം അപകടാവസ്ഥയിലെത്തിയിരുന്നു.
ഏറെക്കാലം ഗതാഗതം നിരോധിച്ചിരുന്ന മമ്പറം പാലത്തിൽ താത്ക്കാലിക അറ്റകുറ്റപ്പണികൾ നടത്തിയാണ് പിന്നീട് വാഹനങ്ങളെ കടന്നു പോകാൻ അനുവദിച്ചിരുന്നത്. ഭാരം കൂടിയ വാഹനങ്ങൾക്ക് കടന്നു പോകാൻ വിലക്കുണ്ടെങ്കിലും പാലത്തിലൂടെ ചരക്ക് ലോറികൾ ഉൾപ്പെടെ കടന്നു പോകുന്നുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പാലത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള ഏതാനും കൈവരികളും തകർന്നിട്ടുള്ളത്. കൈവരി തകർന്ന ഭാഗത്ത് നാട്ടുകാർ മരം കൊണ്ട് താത്ക്കാലികമായി കൈവരി കെട്ടിയിട്ടുണ്ടെങ്കിലും അപകട സാധ്യത ഒഴിവായിട്ടില്ല.
കൈവരിയില്ലാത്ത ഭാഗത്ത് രാത്രി കാലത്ത് വെളിച്ചമോ , റിഫ്ളക്ടറോ ഇല്ലാത്തത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. അതേ സമയം അപകടാവസ്ഥയിലുള്ള മമ്പറം പാലത്തിന് സമാന്തരമായി പണിയുന്ന പാലത്തിന്റെ നിർമ്മാണം പ്രാരംഭഘട്ടം പിന്നിട്ടില്ല. സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസത്തെ തുടർന്ന് ഏതാനും മാസം മുൻപ് മാത്രമാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചിരുന്നത്. ഇതിനിടയിൽ ഉൾനാടൻ ജലപാതയുമായി ബന്ധപ്പെട്ട് നിർമാണ പ്രവൃത്തി നിർത്തിവെക്കേണ്ടിയും വന്നു.
പുതിയ പാലം യാഥാർത്ഥ്യമാകാൻ ഇനിയും മാസങ്ങൾ കാത്തിരിക്കണമെന്നിരിക്കെ നിലവിലുള്ള പാലത്തിന്റെ അപകടാവസ്ഥ ഒഴിവാക്കാനുള്ള നടപടികൾ അടിയന്തിരമായി ഉണ്ടാവണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.