നീലേശ്വരം മുനിസിപ്പൽ ബസ് സ്റ്റാൻഡ് യാർഡിൽ
16 മുതൽ ബസുകൾ പ്രവേശിക്കും
നീലേശ്വരം: ബസ് സ്റ്റാൻഡ് കെട്ടിടം പൂർണമായി പൊളിച്ചുനീക്കിയതോടെ നീലേശ്വരം മുനിസിപ്പൽ ബസ് സ്റ്റാൻഡ് യാർഡിൽ 16 മുതൽ ബസുകൾ പ്രവേശിക്കും.
ചൊവ്വാഴ്ച വൈകിട്ടു ചേർന്ന മുനിസിപ്പൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അടിയന്തിര യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതോടെ നിലവിലുള്ള താൽക്കാലിക ക്രമീകരണം അവസാനിച്ച് പുതിയ ക്രമീകരണം നിലവിൽ വരും. ഇതനുസരിച്ചുനീലേശ്വരം ബസ് സ്റ്റാൻഡിലേക്കുള്ള എല്ലാ ബസുകളും നേരത്തെ ഇറങ്ങിയിരുന്ന വഴിയിൽ കൂടി യാർഡിൽ പ്രവേശിക്കണം.
മലയോര ബസുകൾ കംഫർട് സ്റ്റേഷനു സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡിനു മുന്നിലും മറ്റു ബസുകൾ വടക്കു ഭാഗത്തും യാത്രക്കാരെ ഇറക്കണം. മലയോര, തീരദേശ ബസുകൾക്കു യാർഡിൽ ബസ് ഹാൾട്ട് അനുവദിക്കില്ല. പെട്രോൾ പമ്പിന് എതിർവശത്തായി നീളത്തിലാണു ബസുകൾ നിർത്തിയിടേണ്ടത്. ബസ് സ്റ്റാൻഡ് യാർഡിനു സമീപം 3 ലക്ഷം രൂപ ചെലവിൽ താൽക്കാലിക ബസ് ഷെൽട്ടറും നഗരസഭ നിർമിക്കും.
യോഗത്തിൽ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എ.കെ.കുഞ്ഞിക്കൃഷ്ണൻ, പി.എം. സന്ധ്യ, പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ പി. കുഞ്ഞിക്കൃഷ്ണൻ, പി.കെ. രതീഷ്, കെ.വി. സുധാകരൻ,
പി.വി. രാധാകൃഷ്ണൻ, പി. മനോഹരൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.എൻ. പത്മരാജൻ, ബസ് ഉടമസ്ഥ സംഘം പ്രതിനിധി പി. സുകുമാരൻ, വ്യാപാരി നേതാക്കളായ എം. ജയറാം, കെ. മോഹനൻ, ഓട്ടോത്തൊഴിലാളി യൂണിയനുകളെ
പ്രതിനിധികരിച്ചു കെ.ഉണ്ണി നായർ, സി.വിദ്യാധരൻ, മുനിസിപ്പൽ എൻജിനിയർ കെ. ഗണേശൻ, റവന്യൂ ഇൻസ്പെക്ടർ കെ.മനോജ് കുമാർ, മാട്ടുമ്മൽ കൃഷ്ണൻ, രാജേഷ് കോട്ടപ്പുറം എന്നിവർ യോഗത്തിൽ പങ്കെടുത്തു.