കാസർകോട്: ചട്ടഞ്ചാലിൽ 50 കോടി രൂപ ചെലവിൽ ഗെയിൽ പൈപ്പ്ലൈനിൽ നിന്ന് നേരിട്ട് ഇന്ധനം സ്വീകരിച്ച് പവർ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും പദ്ധതിക്കായി ചട്ടഞ്ചാലിലെ ഭൂമി പ്രയോജനപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച 2018-19 വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
75,81,19,000 രൂപയാണ് വാർഷിക പദ്ധതികൾക്കായി നീക്കി വച്ചിട്ടുള്ളത്. ഇതിൽ ഉൽപ്പാദന മേഖലയ്ക്ക് 10 ശതമാനവും (2,78,75,100), ശുചിത്വമേഖലയ്ക്ക് 10 ശതമാനവും (2,23,000,80) പാർപ്പിട മേഖലയ്ക്ക് (7,16,27,400) വയോജനങ്ങൾ (1,51,19,340) രൂപയുമാണ് മാറ്റിവച്ചിട്ടുള്ളത്.
കുടുംബശ്രീയുമായി ബന്ധപ്പെട്ട് ഹോംനഴ്സ് പദ്ധതി സംവിധാനം നടപ്പാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. ജില്ലയെ സമ്പൂർണ ശുചിത്വനഗരമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കുമെന്നും ജില്ലയിലെ 1500റോളം വരുന്ന പട്ടിക വർഗ കോളനികളിൽ കുടിവെള്ള പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലും സോളാർ പ്ലാന്റ് സ്ഥാപിക്കും. വനിതാ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട് കൂടുതൽ പദ്ധതികൾ നടപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. ജില്ലയിൽ പാൽ ഉത്പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കൂടുതൽ പ്രാധാന്യം നൽകും. ജില്ലാ ആശുപത്രിയുടെ നവീകരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. കായികമേഖലയിലെ വിദ്യാർത്ഥികൾക്കായി നടപ്പാക്കിയ കുതിപ്പ് പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകും. കൂടാതെ ലൈഫ് പദ്ധതിക്കായി 7.92 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷയായി.