കണ്ണൂർ: കഴിഞ്ഞ രണ്ടു വർഷമായി ഡി.ടി.പി.സിയുമായുള്ള മൂപ്പിളമ തർക്കത്തെ തുടർന്ന് പൂട്ടിക്കിടന്ന പയ്യാമ്പലം പാർക്ക് തുറക്കാൻ കോർപ്പറേഷൻ യോഗത്തിൽ തീരുമാനമായിട്ടും കാര്യങ്ങളെല്ലാം പഴയ പടി തന്നെ. കോർപ്പറേഷനും ഡി.ടി.പി.സിയും തമ്മിലുണ്ടായ അധികാര തർക്കത്തെ തുടർന്നാണ് 2016 നവംബറിൽ പാർക്ക് അടച്ചത്. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പാർക്കിന്റെ നടത്തിപ്പ് ഡി.ടി.പി.സിക്ക് തന്നെ കൈമാറാൻ ധാരണയായിരുന്നു. എന്നാൽ കോർപ്പറേഷൻ കൗൺസിലിന്റെ തീരുമാനം മാത്രമാണ് തങ്ങളെ അറിയിച്ചതെന്നും ഇതുസംബന്ധിച്ച ഉത്തരവൊന്നും തങ്ങൾക്ക് ലഭിച്ചില്ലെന്നുമാണ് ഡി.ടി.പി.സി അധികൃതരുടെ വിശദീകരണം.
ആരും തിരിഞ്ഞു നോക്കാനില്ലാത്തതു കാരണം പാർക്കിലെ കളിയുപകരണങ്ങളും മറ്റും നശിച്ചു തുടങ്ങിയിരിക്കയാണ്. തുരുമ്പെടുത്ത ആ ഉപകരണങ്ങളിലാണ് കുട്ടികൾ കളിക്കുന്നത്. ഇതു വലിയ ദുരന്തത്തിന് കാരണമാകുമെന്ന ഭീതിയുമുണ്ട്. അറ്റകുറ്റ പണിക്കായി ചുരുങ്ങിയത് രണ്ട് കോടി രൂപയെങ്കിലും വേണം.ഓരോ മാസവും രണ്ടു ലക്ഷം രൂപയുടെ വരുമാനമായിരുന്നു ഡി.ടി.പി.സിക്ക് പാർക്കിൽ നിന്നും ലഭിച്ചു കൊണ്ടിരുന്നത്. പാർക്ക് പ്രവർത്തിക്കാതെയായതോടെ വൈദ്യുതി ബില്ലടക്കം കുടിശ്ശികയുമായിട്ടുണ്ട്.
പ്രതിസന്ധിയാകുമോ നിയമ തടസം
പയ്യാമ്പലം പാർക്കിന്റെ പ്രധാന കവാടത്തിന്റെ ഇടതു വശത്തായുള്ള 65 സെന്റോളം ഭൂമി തങ്ങളുടെതാണെന്നാണ് കന്റോൺമെന്റിന്റെ വാദം. എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന സമയത്ത് സൈന്യത്തിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്ന നിർദ്ദേശമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പാർക്ക് സ്ഥിതി ചെയ്യുന്ന 65 സെന്റ് ഭൂമി തങ്ങളുടെതാണെന്ന് കന്റോൺമെന്റ് അധികൃതർ അവകാശ വാദമുന്നയിച്ചത്. തുടർന്ന് മുൻ കളക്ടറുമായുള്ള ധാരണ പ്രകാരം ഈ സ്ഥലം പാർക്കിനായി നല്കുകയായിരുന്നു. .