കാസർകോട്: കറന്തക്കാട് ദേശീയപാതയിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവത്തിലെ അന്വേഷണത്തിൽ അനാസ്ഥയാരോപിച്ച് ലീഗ് രംഗത്ത്. തളങ്കര ഖാസിലേനിലെ പരേതനായ എ. ഇബ്രാഹിമിന്റെ മകനും യൂത്ത് ലീഗ് പ്രവർത്തകനുമായിരുന്ന മുജീബ് റഹ്മാന്റെ മരണത്തിന് ഇടയാക്കിയ ലോറി പിടികൂടാൻ പൊലീസിന് സാധിച്ചില്ലെന്ന് ആരോപിച്ച് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. മുഴുവൻ സമയവും പൊലീസ് ഡ്യൂട്ടിയിലുണ്ടാകുന്ന സ്ഥലത്ത് അപകടം നടന്നപ്പോൾ ആരും ഉണ്ടായിരുന്നില്ല. ദേശീയപാതയിലും പ്രധാന സ്ഥലങ്ങളിലും 40 ഓളം സി.സി.ടി.വി. കാമറകൾ സ്ഥാപിച്ചെങ്കിലും രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. പൊലീസിന് മേൽനോട്ട ചുമതല നൽകിയിട്ടും ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണെന്ന് അബ്ദുൾ റഹ്മാൻ ആരോപിക്കുന്നു. ഒക്ടോബർ 31ന് രാത്രിയായിരുന്നു അപകടം നടന്നത്.

മണ്ഡല മകരവിളക്ക് മഹോത്സവം

സമാധാനപരമാക്കും: കടകംപള്ളി

കാസർകോട്: ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റുന്നതിനൊപ്പം ശബരിമലയിലെത്തുന്ന വിശ്വാസികളുടെ അവകാശങ്ങളും സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിശ്വാസികളിലെ ആശങ്ക ഉപയോഗപ്പെടുത്തി കടന്നുകൂടിയ സാമൂഹ്യ വിരുദ്ധരിൽ നിന്ന് യഥാർത്ഥ വിശ്വാസികളെ രക്ഷിക്കും. മണ്ഡല, മകരവിളക്ക് മഹോത്സവം നല്ല രീതിയിൽ നടത്തുകയാണ് സർക്കാരിന്റെ ഉത്തരവാദിത്വം. ഇക്കാര്യം ആലോചിക്കാനാണ് സർവ്വകക്ഷി യോഗവും നിയമോപദേശം തേടുന്നതും. സർക്കാർ എപ്പോഴും സമവായത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെയും കോൺഗ്രസിനെയും പോലെ രാഷ്ട്രീയ മുതലെടുപ്പിന് തങ്ങളില്ല. അരിയാഹാരം കഴിക്കുന്നവർക്ക് ഇതെല്ലാം മനസിലാകും. 12വർഷം ആർ.എസ്.എസ്. കേസ് നടത്തി നേടിയ ഈ വിധിയെക്കുറിച്ച് ചോദിക്കുമ്പോൾ പൊട്ടൻ പുട്ടു വിഴുങ്ങിയത് പോലെ മിണ്ടാതിരിക്കുകയാണ് ശ്രീധരൻ പിള്ള. ഇന്നല്ലെങ്കിൽ നാളെ ഇവർ കണക്ക് പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കാസർകോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ബാങ്ക് നടപടികൾ

മാർച്ചിനകം: കടകംപള്ളി
കാസർകോട്: കേരളബാങ്ക് തുടങ്ങാനുള്ള നടപടികൾ മാർച്ച് 31നകം പൂർത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കാസർകോട് സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ഇക്കാര്യം. ഒക്ടോബറോടെ 'കേരള ബാങ്ക്' രൂപീകരണ നടപടികൾ തുടങ്ങാൻ റിസർവ് ബാങ്ക് അനുമതി ലഭിച്ചു. ഇനി ഉപാധികൾ പൂർത്തീകരിച്ച് ബാങ്ക് യാഥാർത്ഥ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.