കാഞ്ഞങ്ങാട്: പന്ത്രണ്ട് വർഷം മുൻപ് കാഞ്ഞങ്ങാട് നഗരപാതയിൽ കുഴിച്ചിട്ട ഭൂഗർഭ വൈദ്യുതലൈനിന് ശാപമോക്ഷം. ഇവ കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായി ഇന്നലെ പരിശോധന തുടങ്ങി. ആലാമിപ്പള്ളി മുതൽ അതിഞ്ഞാലിലെ മൻസൂർ ആശുപത്രി വരെയുള്ള രണ്ട് കിലോമീറ്റർ നീളത്തിലുള്ള ലൈനുകളാണ് പരിശോധിക്കുന്നത്.

കേബിൾ വലിച്ച് ഇത്രയും വർഷം ഉപയോഗിക്കാതിരുന്നതിനാൽ കേടുപാടുണ്ടോയെന്നാണ് പരിശോധന. ഐ.എസ്.ഐ മുദ്ര‌യുള്ള കേബിളായാൽ പോലും നശിക്കാൻ സാദ്ധ്യതയുണ്ടെന്ന് വൈദ്യുതി വകുപ്പിലെ വിദഗ്ദർ പറയുന്നു. ഇതിനിടെ ഒരിക്കൽ പോലും പരിശോധിക്കാൻ ബോർഡ് തയ്യാറായിരുന്നില്ല. 2005 ൽ കേന്ദ്രസർക്കാർ ഊർജ്ജ സംരക്ഷണപദ്ധതിയായാണ് ഭൂഗർഭ വൈദ്യുതലൈൻ വലിക്കാൻ തീരുമാനിച്ചിരുന്നത്.

കെ.എസ്.ടി.പി റോഡ് നിർമ്മാണമാണ് ലൈനുകൾ ഉപയോഗിക്കാൻ തടസമായതെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറയുന്നു. ഭൂഗർഭ വൈദ്യുതലൈനിന് പ്രത്യേകമായി സൗകര്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കെ.എസ്.ടി.പി. സന്നദ്ധമായിരുന്നില്ല. ഭൂമിക്കടിയിലെ മറ്റു കേബിളുകൾക്കൊപ്പമാണ് വൈദ്യുത കേബിളുമുള്ളതെന്ന് ഡിവിഷണൽ എൻജിനീയർ പി. സീതാരാമൻ പറഞ്ഞു. ഇതും പരിശോധന സങ്കീർണ്ണമാക്കുന്നു. ലൈൻ കമ്മീഷൻ ചെയ്ത ശേഷം കുഴിയെടുക്കുന്നത് അപകടത്തിന് കാരണമാകുമെന്നും കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി. ഇന്നലെ ട്രാഫിക് സർക്കിൾ വരെ നടത്തിയ പരിശോധനയ്ക്കിടെ ചിലയിടങ്ങളിൽ തകരാർ കണ്ടെത്തിയിരുന്നു.