ശ്രീകണ്ഠപുരം: രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ 140 ലിറ്റർ ചാരായവുമായി 2 പേർ പിടിയിലായി. കാഞ്ഞിരകൊല്ലി സ്വദേശി ചപ്പിലി ലക്ഷ്മണൻ(52 ), മയ്യിൽ സ്വദേശി പി.പി. ഗിരീഷ് (44) എന്നിവരെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.പി. ജനാർദ്ദനനും സംഘവും പിടികൂടിയത്. ഇന്നലെ രാവിലെ ഓടത്ത് പാലത്തിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. 35 ലിറ്ററിന്റെ 4 കാനുകളിലായാണ് ചാരായം വാഹനത്തിൽ സൂക്ഷിച്ചത്. ജില്ലയിൽ ഇത്രയധികം ചാരായം ആദ്യമായാണ് പിടികൂടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടക വനത്തോട് ചേർന്ന ഭാഗത്തെ രഹസ്യ വാറ്റ് കേന്ദ്രത്തിലാണ് ചാരായം വാറ്റിയതെന്ന് പിടിയിലായവർ പറഞ്ഞു. ഇവ എങ്ങോട്ടാണ് കൊണ്ടുപോകാൻ ശ്രമിച്ചതെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ചാരായത്തിൽ അപകടമായ രാസവസ്തുക്കൾ ഉണ്ടോയെന്ന കാര്യം പരിശോധിക്കാൻ വിദഗ്ദ ലാബിലേക്ക് അയക്കും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.