തളിപ്പറമ്പ്: പേയിളകിയ പശു രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ പുലർച്ചെ ആറിന് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ആടിക്കുംപാറയിലെ പി.വി.നളിനി(58), കെ.വി.സന്തോഷ്(30) എന്നിവർക്കാണ് പശുവിന്റെ കുത്തേറ്റ് പരിക്കേറ്റത്. ഇവരെ ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജരാജേശ്വേര ക്ഷേത്രത്തിന് സമീപത്താണ് പേയിളകിയ പശു മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയത്. പശുവിന്റെ കുത്തേൽക്കാതിരിക്കാൻ ഓടുന്നതിനിടയിൽ നിരവധി പേർക്ക് റോഡിൽ വീണും പരിക്കേറ്റു. കൂടുതൽ പേർക്കും വീഴ്ച്ചയിലാണ് പരിക്ക്.
പേയിളകിയ കീരിയുടെ കടിയേറ്റതിനെ തുടർന്ന് പശുവിനും പേയിളകിയതാണെന്ന് കരുതുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസും തളിപ്പറമ്പ് അഗ്‌നിശമനനിലയത്തിൽ നിന്ന് ലീഡിംഗ് ഫയർമാൻ ജിബി ഫിലിപ്പിന്റെ നേതൃത്വത്തിൽ അഗ്‌നിശമനസേനയും സ്ഥലത്തെത്തി. ഫയർമാൻമാരായ വി.എം.സതീശൻ, കെ.രഞ്ജു, കെ.കെ.സുധീപ്, പി.കെ.രാജേഷ്, ഹോംഗാർഡ് വി.എം.നാരായണൻ, ഡ്രൈവർ സി.രജീഷ്, പൊതുപ്രവർത്തകൻ മക്കി സിദ്ദിക്ക് എന്നിവർ ചേർന്ന് ഏറെ പണിപ്പെട്ടാണ് ഒരുമണിക്കൂർ നേരത്തെ ശ്രമത്തിന് ശേഷമാണ് പശുവിനെ പിടിച്ചുകെട്ടിയത്.