തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് അപകട ഭീഷണിയായി കുണ്ടും കുഴിയും നിറഞ്ഞ പ്ലാറ്റ്ഫോമുകൾ റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ ഫ്ളാറ്റ്ഫോമിൽ ടൈൽസ് തകർന്നതും, രണ്ടാമത്തെ ഫ്ളാറ്റ് ഫോമിൽ സ്ലാബുകൾ തകർന്നതുമാണ് യാത്രക്കാർക്ക് അപകടം വരുത്തുന്നത്. ട്രയിൻ വരുന്നത് ശ്രദ്ധിച്ച് മുന്നോട്ടേക്ക് വേഗത്തിൽ കുതിക്കുന്ന യാത്രക്കാർ പൊട്ടിയ ടൈൽസും സ്ലാബും ശ്രദ്ധയിൽ പെടാതെ തടഞ്ഞു വീഴുന്നതും പരിക്കേൽക്കുന്നതും പതിവാണ്.
കഴിഞ്ഞ ദിവസം പൊന്ന്യംപാലം ഓവുപാലം റോഡിലെ കുനിയിൽ ആബൂട്ടിക്ക് തകർന്ന സ്ലാബ് തടഞ്ഞ് വീണ് മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന് വീഴ്ചയിൽ രണ്ട് പല്ലുകളാണ് നഷ്ടപ്പെട്ടത്. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഒഴിഞ്ഞു മാറാനാവില്ല. നിസാര കാര്യങ്ങളിൽ പോലും അധികൃതർ അനാസ്ഥ കാണിക്കുന്നതിൽ യാത്രക്കാർക്ക് അമർഷവും പ്രതിഷേധവും ശക്തമാണ്.