കാസർകോട്: ആയിരക്കണക്കിന് യാത്രക്കാർ ദിനവും ആശ്രയിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിലേക്ക് കടക്കുന്നതിനായി ഭിന്നശേഷിക്കാരും പ്രായമായവരും പ്രയാസപ്പെടുന്ന സാഹചര്യത്തിൽ ഇവിടെ എസ്കലേറ്ററോ ലിഫ്റ്റോ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗിനെത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. മോഹൻകുമാറാണ് സ്വമേധയാ കേസെടുത്ത് ചെന്നൈ സതേൺ റെയിൽവേ ജനറൽ മാനേജരോടും പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരോടും(ഡി.ആർ.എം) റിപ്പോർട്ട് തേടിയത്.
സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലെയും പ്രധാന റെയിൽവെ സ്റ്റേഷനുകളിൽ ശാരീരിക അവശതയുള്ളവരും മുതിർന്നവരുമായ യാത്രക്കാർക്ക് മേൽപ്പാലം കയറാതെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്താൻ ലിഫ്റ്റ് സൗകര്യവും എസ്കലേറ്ററുമുള്ളപ്പോൾ കാസർകോട് റെയിൽവെ സ്റ്റേഷനിൽ മാത്രം ഇതൊന്നും ഇല്ലാതെ യാത്രക്കാർ ദുരിതം അനുഭവിക്കുന്നത് ഈയ്യിടെ 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും രാജധാനി എക്സ്പ്രസ് ഇറങ്ങി റെയിൽവേ മേൽപ്പാലം കടക്കുന്നതിന് ഏറെ പ്രയാസപ്പെടുകയുണ്ടായി. ഈ സംഭവവും ഭിന്നശേഷിക്കാരായ രണ്ടുപേർ മേൽപ്പാലം കടക്കുവാൻ ബുദ്ധിമുട്ടുന്നതു നേരിട്ടുകണ്ടതിന്റെയും മാധ്യമ വാർത്തകളുടെയും അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരിക്കുന്നത്.
മാത്രമല്ല റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിന്റെ വീതി കുറവാണെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.
രണ്ടു കാലുകൾക്കും സ്വാധീനമില്ലാത്തവർ വളരെ പ്രയാസപ്പെട്ട് മേൽപ്പാലത്തിലൂടെ കടന്നുപോകുന്നതാണ് കാണാൻ കഴിഞ്ഞതെന്നും മറ്റ് പ്രധാന സ്റ്റേഷനുകളിലെ പോലെ ഇവിടെയും എസ്കലേറ്ററോ ലിഫ്റ്റോ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും കമ്മീഷൻ വിലയിരുത്തി. മലബാർ എക്സ്പ്രസ് സമയം പാലിക്കുന്നില്ലെന്ന പരാതിയിൽ റെയിൽവേ വിശദീകരണം നൽകി. ക്രമീകരണത്തിന്റെ ഭാഗമായാണ് വൈകിയോടിയിരുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണത്തിൽ പറയുന്നത്.