തൃക്കരിപ്പൂർ: എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിക്കാൻ പദ്ധതിയിട്ട സൗത്ത് തൃക്കരിപ്പൂർ ഹോമിയോ ആശുപത്രി കെട്ടിട നിർമ്മാണം അനിശ്ചിതത്വത്തിൽ. നിർമ്മാണസ്ഥലം സംബന്ധിച്ച് സി.പി.എമ്മും മുസ്ലിം ലീഗും തമ്മിലുള്ള വടംവലിയാണ് വിലങ്ങു തടിയാകുന്നത്.
ഇളമ്പച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു പരിസരത്തെ നവോദയ വായനശാലയാണ് 2006 മുതൽ ഹോമിയോ ആശുപത്രീയായി പ്രവർത്തിച്ചുതുടങ്ങിയത്. എന്നാൽ ഡോക്ടറടക്കം നാലു ജീവനക്കാരുള്ള സ്ഥാപനത്തിന് വേണ്ടുന്ന അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തത് പ്രശ്നമായി. മരുന്നുകൾ സൂക്ഷിക്കാനും ദിനേനെയെത്തുന്ന നൂറുക്കണക്കിന് രോഗികളെ പരിശോധിക്കാനും ചികിത്സിക്കാനുമായുള്ള സൗകര്യം വേണ്ടത്രയില്ലാത്തതിനാലാണ് പുതിയ കെട്ടിടം എന്ന ആശയം ഉയർന്നത്. തൃക്കരിപ്പൂർ പഞ്ചായത്തിന്റെ ഇടപെടലോടെ എം. രാജഗോപാലൻ എം.എൽ.എയുടെ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും അനുവദിച്ചുവെങ്കിലും സ്ഥലം സംബന്ധിച്ച് തർക്കമുണ്ടായതോടെ ആറുമാസത്തിലധികമായിട്ടും പദ്ധതി കടലാസിൽ ഒതുങ്ങി.
ഇളമ്പച്ചിയിലെ തൃക്കരിപ്പൂർ വീവേഴ്സ് കോ - ഓപ്പറേറ്റിവ് സൊസൈറ്റിക്ക് പരിസരത്താണ് ഹോമിയോ ആശുപത്രിക്കായി കെട്ടിടം പണിയാൻ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇതിനോട് സി.പി.എമ്മിനും അനുകൂലനിലപാടാണ്. എന്നാൽ പുതിയ കെട്ടിടം അവിടുന്നും ഏകദേശം നൂറുമീറ്റർ വടക്കുമാറി ഹെൽത്ത് സെന്ററിനു പരിസരത്തു പണിയണമെന്ന പ്രാദേശിക മുസ്ലീംലീഗിന്റെ ആവശ്യമാണ് തർക്കത്തിനിടയാക്കിയത്. തർക്കം പരിഹരിക്കാനായി ഇരുകക്ഷികളുടെ നേതാക്കളും അനൗദ്യോഗിക ചർച്ച നടത്തിയെങ്കിലും ചില പിടിവാശികൾ പദ്ധതിയെ ഫയലിൽ ഒതുക്കി. ഇതോടെ പുതിയ ഹോമിയോ ആശുപത്രിയെന്ന നാട്ടുകാരുടെ പ്രതീക്ഷയാണ് മാസങ്ങളായി അസ്ഥാനത്തായത്.