നീലേശ്വരം: വീതി കൂട്ടാൻ അളന്നുതിട്ടപ്പെടുത്തൽ കഴിഞ്ഞിട്ട് മാസം ആറു കഴിഞ്ഞു. രാജാ റോഡ് ഇപ്പോഴും അതേ അവസ്ഥയിൽ തന്നെ. തുടർനടപടികൾ അനിശ്ചിതത്വത്തിൽ നീളുകയാണ്. മാർക്കറ്റ് റോഡ് മുതൽ മെയിൻ ബസാർ വരെയും അവിടെ നിന്നു പോസ്റ്റ് ഓഫീസ് വരെയും രണ്ടു ഘട്ടങ്ങളിലായാണ് വികസനപ്രവൃത്തിയ്ക്ക് അളന്നു തിട്ടപ്പെടുത്തിയത്. നഗരസഭ ചെയർമാന്റെ സാന്നിദ്ധ്യത്തിൽ തന്നെയായിരുന്നു അളവും അടയാളം രേഖപ്പെടുത്തലുമെല്ലാം.
റോഡിന്റെ മദ്ധ്യഭാഗത്ത് നിന്ന് ഏഴു മീറ്റർ വീതിയിൽ ഇരുഭാഗത്തേക്കും വീതി കൂട്ടാൻ അടയാളപ്പെടുത്തുകയായിരുന്നു. നടപ്പാതയുൾപ്പെടെയാണ് 14 മീറ്റർ വീതി വരുന്ന നിർദ്ദിഷ്ട റോഡ്. റോഡ് വീതി കൂട്ടുന്നതിന്റെ മുന്നോടിയായി സ്ഥലം വിട്ടുനൽകേണ്ടവരുടെയും കച്ചവടക്കാരുടെയും വ്യാപാരി സംഘടനാ പ്രതിനിധികളുടെയും യോഗം രണ്ട് തവണ വിളിച്ചിരുന്നു.
വിവിധ രാഷ്ട്രീയ കക്ഷികളും ഈ യോഗങ്ങളിൽ പങ്കെടുത്തതാണ്. വികസന പ്രവൃത്തിയുടെ കാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നാൽ, നേരത്തെ നിർണയിച്ച അടയാളങ്ങൾ ചിലയിടങ്ങളിൽ മാഞ്ഞ നിലയിലാണ്. നഗരസഭയുടെ ഭാഗത്തുനിന്ന് തുടർപ്രവർത്തനങ്ങൾ നീളുന്ന സാഹചര്യത്തിൽ വ്യാപാരികളിൽ ഒരു വിഭാഗം റോഡ് വികസന പദ്ധതിയിൽ നിന്നു പിറകോട്ട് പോയിരിക്കയാണ്. നിലവിലുള്ള കെട്ടിടം പൊളിക്കാനോ പുതിയ കെട്ടിടം പണിയാനോ പറ്റാത്ത തരത്തിൽ ആശയക്കുഴപ്പത്തിലാണ് പൊതുവെ വ്യാപാരികൾ. അനിശ്ചിതത്വം നീങ്ങിക്കിട്ടാൻ സമരരംഗത്തേക്ക് ഇറങ്ങേണ്ടി വരുമെന്ന ആലോചനയും ഉയർന്നുകഴിഞ്ഞു.
രാജാ റോഡ് വികസത്തിനും കച്ചേരിക്കടവ് പാലത്തിനുമടക്കം 40 കോടി രൂപ കഴിഞ്ഞ ബഡ്ജറ്റിൽ വകയിരുത്തിയതാണ്. പ്രവൃത്തി അനിശ്ചിതത്വത്തിൽ നീളുന്നതിന് അധികൃതർക്ക് കൃത്യമായ കാരണം പോലും പറയാനാവുന്നില്ലല്ലോ എന്ന ചോദ്യമാണ് വ്യാപാരികളുടേത്.