തലശ്ശേരി: കേരള സംസ്ഥാന ആരോഗ്യ വകുപ്പ് കണ്ണൂർ ജില്ലാ പഞ്ചായത്തുമായി ചേർന്ന് നടപ്പാക്കുന്ന ആയുർദീപ്തം പദ്ധതിയുടെ ഭാഗമായി 'കൂട്ടു തേടി ഊരിലേക്ക്' എന്ന പരിപാടി സംഘടിപ്പിക്കുന്നു.മലബാർ കാൻസർ സെന്റർ , കേരള സംസ്ഥാന ബാലവകാശ കമ്മീഷൻ, ഗവ.ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ , സിറ്റി ലയൺസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കാൻസർ സെന്റർ ഡയറക്ടർ ഡോ: സതീശൻ ബാലസുബ്രഹ്മണ്യനും ഗവ.ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൾ കെ.ജെ മുരളീധരനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നവംബർ 19ന് രാവിലെ ഒമ്പത് മണിക്ക് ്ആറളം ചതിരൂർ 110 കോളനി നിവാസികളായ 137 സഹോദരങ്ങൾക്ക് തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ആതിഥ്യം അരുളും. സ്കൂളിലെ വിദ്യാർത്ഥികളുമായ് ക്ലാസിൽ അവർ ഒരുമിച്ചിരുന്ന് പഠന കാര്യങ്ങൾ മനസിലാക്കും. തുടർന്ന് ആദിവാസി ഊരിലെ വിവിധ പരിപാടികൾ അവതരിപ്പിക്കും. ലഹരി വിരുദ്ധ ബോധവത്ക്കരണം, സ്നഹ വിരുന്ന് എന്നിവ നടക്കും.
തുടർന്ന് ഉച്ചക്ക് തലശ്ശേരി ലിബർട്ടി തിയേറ്ററിൽ സൗജന്യമായി ചതിരൂർ കോളനി നിവാസികൾക്ക് സിനിമാ പ്രദർശനം നടത്തും. വാർത്താ സമ്മേളനത്തിൽ കെ.ദിജേഷ്, റൈഹാനത്ത് സുബി, എൻ.സതീശൻ എന്നിവരും പങ്കെടുത്തു.