കണ്ണൂർ: കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ ആദ്യ ഘട്ടത്തിൽ തന്നെ ഭൂമി വിട്ടു കൊടുത്ത കുടുംബത്തിനും സ്വപ്ന പദ്ധതി പൂർത്തിയാക്കിയ തൊഴിലാളികൾക്കും കിയാൽ യാതൊരു പരിഗണനയും നൽകിയില്ലെന്ന് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ ആരോപിച്ചു.ആദ്യ ഘട്ടത്തിൽ തന്നെ സ്ഥലം വിട്ടുകൊടുത്ത കുടുംബത്തിലെ ഒരാൾക്ക് ഒരു തൊഴിൽ എന്ന ആശയം കിയാൽ അധികാരികൾ മുന്നോട്ട് വച്ചിരുന്നുവെങ്കിലും പിന്നീട് യാതൊരു പരിഗണനയും ലഭിച്ചില്ലെന്ന് അവർ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കിയാലിന്റെയോ കിയാലിന്റെ കീഴിൽ ടെൻഡറുകൾ സ്വീകരിച്ച ഏജൻസികളുടെയോ കമ്പനികളുടെയോ കീഴിൽ ഏതെങ്കിലും ഒരു തൊഴിൽ ലഭിക്കുമെന്ന പ്രതികരണമാണ് വിവിധ സന്ദർഭത്തിൽ തൊഴിലാളി യൂണിയൻ നേതാക്കൾക്ക് കിയാൽ എം. ഡി തുളസീദാസ് വാക്കാൽ ഉറപ്പ് നൽകിയതാണ്. സ്വാതന്ത്യദിനത്തിൽ ഇത് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പ്രഖ്യാപനം കാറ്റിൽ പറത്തുന്ന സമീപനമാണ് കിയാൽ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. വിമാനത്താവളം ഉദ്ഘാടന ചടങ്ങിൽ യൂണിയൻ നേതാക്കളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഭാരവാഹികൾ അറിയിച്ചു.
എത്രയും പെട്ടെന്ന് ഭൂമി വിട്ടു കൊടുത്തവരുടെയും തൊഴിലാളികളുടെയും ആവശ്യങ്ങൾ ഇനിയും അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകും. കിയാലിന്റെ അധികാര പരിധിയിലുള്ള വ്യത്യസ്തങ്ങളായ മേഖലകളിൽ ടെൻഡറുകൾ വിളിക്കുമ്പോൾ സുതാര്യമായ രീതിയിൽ ടെൻഡർ നടപടികൾ സ്വീകരിച്ചുവെന്ന് ഉറപ്പു വരുത്താൻ പത്രപരസ്യങ്ങൾ ഉൾപ്പെടെയുള്ള വിജ്ഞാപനങ്ങൾ ഉണ്ടാവുന്നില്ലെന്നും ട്രേഡ് യൂനിയനുകൾ കിയാൽ അധികാരികളുടെ മുമ്പാകെ ചൂണ്ടികാണിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളെ പ്രതിനിധീകരിച്ച് കെ സുരേന്ദ്രൻ , അമേരി മുസ്തഫ, എം വേണുഗോപാലൻ, കെ സുരേഷ് ബാബു, കെ. പി രമേശൻ, പി. പ്രജീഷ് , വരയത്ത് ശ്രീധരൻ എന്നിവർ സംബന്ധിച്ചു.