കണ്ണൂർ: പി.എസ്.സി നിയമനം നേടിയ ശേഷം നീണ്ട അവധിയെടുത്ത് മുങ്ങി നടക്കുന്ന കൂടുതൽ ഡോക്ടർമാർക്ക് പിടിവീഴും. വിദേശത്ത് ജോലി നേടുകയും നാട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തുകയും ചെയ്യുന്ന 300 പേരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി. 60 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഉടൻ ജോലിക്കെത്തിയില്ലെങ്കിൽ ഇവരെ പിരിച്ചുവിടണമെന്ന് സർക്കാരിന് റിപ്പോർട്ട് നൽകും. 58 പേരെ കഴിഞ്ഞ വർഷം പിരിച്ചുവിട്ടിരുന്നു.
പി.എസ്.സി നിയമനമായതിനാൽ പത്രങ്ങളിൽ പേരുൾപ്പെടെ പരസ്യപ്പെടുത്തിയ ശേഷമാണ് ആരോഗ്യവകുപ്പ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഇവരുടെ തസ്തികകളിൽ പുതിയ നിയമനം നടത്തണമെങ്കിൽ പിരിച്ചുവിട്ടാലേ പറ്റൂ. വിശദമായ അന്വേഷണത്തിനു ശേഷം ഘട്ടംഘട്ടമായി പട്ടിക സർക്കാരിന് സമർപ്പിക്കും.
പുറത്താക്കും മുമ്പ് പി.എസ്.സിയുടെ അനുകൂല തീരുമാനമുണ്ടാകേണ്ടതുണ്ട്. ദീർഘകാല അവധി അനുവദിക്കാത്ത അവശ്യ സർവീസുകളിൽ അനധികൃതമായി ജോലിക്കെത്താതിരുന്നവരെ പിരിച്ചുവിടാൻ അനുകൂല റിപ്പോർട്ട് പി.എസ്.സി ഇതിനു മുമ്പും നൽകിയിരുന്നു. പുതിയ നിയമനം നടത്തണമെങ്കിലും പി.എസ്.സി റിപ്പോർട്ട് നൽകണം.
മേൽവിലാസത്തിൽ പലതും വ്യാജം
സർവീസിൽ നിന്നു പിരിച്ചുവിടാൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചതിൽ പലരും കൈപ്പറ്റിയില്ല. പലർക്കും വ്യാജ വിലാസങ്ങളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
'അനധികൃത അവധിയെടുത്ത് കറങ്ങി നടക്കാമെന്ന് ഡോക്ടർമാർ കരുതേണ്ട. അത്തരക്കാർക്ക് സർക്കാർ ഒരു സംരക്ഷണവും നൽകില്ല. നോട്ടീസ് നൽകിയ കുറേപ്പേർ ജോലിക്ക് ഹാജരായിട്ടുണ്ടെന്നത് ആശാവഹം. ഹാജരാകാത്തവരുടെ കണക്ക് ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട് ".
- കെ.കെ. ശൈലജ, ആരോഗ്യമന്ത്രി
'' നടപടിയെ കെ.ജി.എം.ഒ.എ പിന്തുണയ്ക്കും. മുങ്ങിനടക്കുന്നവർ ഒഴിവാകുന്നതിനനുസരിച്ച് വരാൻ തയ്യാറായി പുതിയ ഡോക്ടർമാർ നിരവധിയുണ്ട്. പി.എസ്.സി ലിസ്റ്റും നിലവിലുണ്ട്. ലിസ്റ്റിൽ നിന്നു നിയമനം നടക്കുന്നതോടെ സർക്കാർ ആശുപത്രികളിൽ ഡോക്ടറില്ലാത്ത അവസ്ഥയും മാറും.
- ഡോ. വി. ജിതേഷ്, സംസ്ഥാന സെക്രട്ടറി