കണ്ണൂർ : കെട്ടിടങ്ങൾക്ക് പ്രത്യേക നിറം, ഓഫീസുകൾക്ക് ഒരേ രൂപകല്പന, ജീവനക്കാർക്ക് ഏകീകൃത ഡ്രസ് കോഡ്... സംസ്ഥാനത്തെ അക്ഷയകേന്ദ്രങ്ങൾ ബ്രാൻഡിംഗിന്റെ പുതുമോടിയിലേക്ക് മാറുകയാണ്. എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 2750 അക്ഷയകേന്ദ്രങ്ങൾ ഡിസംബർ 31നകം പുതിയ രൂപത്തിലേക്ക് മാറും. നിലവിലുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ സേവനങ്ങൾ തുടങ്ങാനുമാണ് ബ്രാൻഡിംഗ് ഒരുക്കുന്നത്. ഇരുനൂറോളം സർക്കാർ, സർക്കാരിതര സേവനങ്ങളാണ് അക്ഷയകേന്ദ്രങ്ങൾ വഴി നൽകുന്നത്. ബ്രാൻഡഡ് സംവിധാനം പൂർത്തിയാകുന്നതോടെ എല്ലാ കേന്ദ്രങ്ങളിലും ബാങ്കിംഗ് കിയോസ്കുകളും സ്ഥാപിക്കും. ഇവിടെനിന്ന് ബാങ്ക് ഇടപാടുകളും ഉപഭോക്താക്കൾക്ക് നടത്താൻ കഴിയും.
രൂപമാറ്റത്തിനു വരുന്ന അധികചെലവുകൾ സംരംഭകർ തന്നെ വഹിക്കണം. ഡിജിറ്റൽ ബിസിനസ് കൺസൾട്ടൻസി സർവീസ് സെന്ററുകളായി മാറുന്നതോടൊപ്പം സേവനങ്ങൾക്ക് ഏകീകൃത സേവനനിരക്കുകളും നിലവിൽ വരും. വ്യാജ അക്ഷയകേന്ദ്രങ്ങളുടെ പ്രവർത്തനം തടയാൻ കൂടിയാണ് പുതിയ സംവിധാനം. സേവന നിരക്കുകൾ സംബന്ധിച്ച ചാർട്ടുകളും ഓരോ കേന്ദ്രത്തിലുമുണ്ടാകും. ആധാർ അധിഷ്ഠിത ടാബ് ഫിംഗർ സംവിധാനവും അക്ഷയകേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതോടെ ആധാർ മൊബൈൽ ലിങ്കിംഗ് എളുപ്പമാകും.
വ്യാജന്മാർക്ക് പിടിവീഴും
സംസ്ഥാനത്ത് അക്ഷയയുടെ ലോഗോയും മറ്റും ഉപയോഗിച്ച് പ്രവർത്തിക്കുന്ന വ്യാജകേന്ദ്രങ്ങൾ നിരവധിയുണ്ട്. ഇന്റലിജൻസ് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക ടീം ഇതന്വേഷിക്കുന്നുണ്ട്. നൂറോളം കേന്ദ്രങ്ങൾ ഇതിനകം പിടികൂടി പൂട്ടിച്ചിട്ടുണ്ട്. ഐ.ടി മിഷൻ തദ്ദേശസ്ഥാപനങ്ങൾക്ക് കർശന നിർദേശവും നൽകിയിട്ടുണ്ട്.
''അടുത്തഘട്ടത്തോടെ എല്ലാ സർക്കാർ സേവനങ്ങളും ഓരോ പൗരന്റെയും വീട്ടുപടിക്കലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാർ, സർക്കാരിത സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്ന സർക്കാരിന്റെ ഒരു മുഖമായി മാറാൻ അക്ഷയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മിഥുൻ കൃഷ്ണ, ജില്ലാ ഇ- ഗവേൺസ്, കണ്ണൂർ ജില്ലാ പ്രോജക്ട് മാനേജർ