madhavan-nair

കാസർകോട്: സ്വത്തുതർക്കത്തെ ചൊല്ലിയുള്ള വൈരാഗ്യത്തിൽ കോൺഗ്രസ് നേതാവും ജില്ലാ സഹകരണ ബാങ്ക് റിട്ട. മാനേജരുമായ മൂളിയാർ ഇടയില്ലത്ത് പി. മാധവൻ നായരെ (63) ഭാര്യാ സഹോദരിയുടെ മകനും പൊലീസുകാരനുമായ യുവാവ് വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. പ്രതി കാസർകോട് എ.ആർ ക്യാമ്പിലെ എം.കെ. ശ്യാംകുമാറിനെ (36) പൊലീസ് അറസ്റ്റുചെയ്തു.

കാടകം ശാന്തിനഗറിലെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കു ശേഷമാണ് സംഭവം. മാധവൻനായരുടെ ഭാര്യ രുദ്രകുമാരിയുടെ

ജ്യേഷ്ഠസഹോദരിയുടെ മകനാണ് ശ്യാംകുമാർ. മാധവൻ നായരുടെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചു കയറി കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ മാധവൻ നായരെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ കുറച്ചു നാളുകളായി ശ്യാംകുമാർ മാധവൻ നായർക്കു നേരെ ഭീഷണി മുഴക്കിയിരുന്നതായി ബന്ധുക്കൾ പറയുന്നു. സ്വത്തിന്റെ കാര്യത്തിൽ സഹോദരിമാർ തമ്മിൽ നാളുകളായി തർക്കത്തിലാണ്.

ജില്ലാ ബാങ്കിൽ നിന്ന് വിരമിച്ച ശേഷം ബാങ്ക് ഭരണസമിതി ഡയറക്ടറായും മാധവൻ നായർ പ്രവർത്തിച്ചു. മികച്ച വോളിബാൾ താരവും വോളിബാൾ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ അഡൂർ സഹകരണ ബാങ്ക് സെക്രട്ടറിയാണ്. ഏകമകൻ: അർജുൻ (വിദ്യാർത്ഥി).

ഡിവൈ.എസ്.പി എം.വി. സുകുമാരൻ, ആദൂർ സി.ഐ എ.എം. മാത്യു, എസ്.ഐ രാജീവൻ, അഡിഷണൽ എസ്.ഐ എം. രാജൻ എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു.