കാസർകോട് : ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ പൊലീസ് അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ നടത്തിയ ഹർത്താൽ കാസർകോട് ജില്ലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു . കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ എന്നിവ നിരത്തിൽ ഇറങ്ങാത്തത് യാത്രാക്ലേശം രൂക്ഷമാക്കി. രാവിലെ ഏതാനും ട്രാൻ. ബസുകൾ സർവീസ് നടത്തിയെങ്കിലും കാസർകോട് നഗരത്തിൽ ഹർത്താൽ അനുകൂലികൾ തടഞ്ഞതോടെ മുഴുവൻ സർവീസുകളും നിർത്തിവെക്കുകയായിരുന്നു.
കറന്തക്കാട് ദേശീയപാതയിൽ ഹർത്താൽ അനുകൂലികൾ റോഡിൽ കുത്തിയിരുന്ന് അന്യസംസ്ഥാങ്ങളിൽ നിന്നും എത്തിയ ചരക്ക് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും തടഞ്ഞതോടെ അതുവഴിയുള്ള ഗതാഗതവും നിശ്ചലമായി. സ്വകാര്യ വാഹനങ്ങളും ഏതാനും ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും സർവീസ് നടത്തി.
സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. കാസർകോട് ഹെഡ് പോസ്റ്റോഫീസ് രാവിലെ തുറന്നെങ്കിലും ഹർത്താൽ അനുകൂലികൾ പൂട്ടിച്ചു. കാസർകോട്, കുമ്പള. ഉപ്പള, മഞ്ചേശ്വരം, ഹൊസങ്കടി, മുള്ളേരിയ, ബദിയടുക്ക. ആദൂർ, ബന്തടുക്ക , പള്ളിക്കര, ചട്ടഞ്ചാൽ, പൊയിനാച്ചി, പെരിയ, മേൽപറമ്പ്, ഉദുമ ഭാഗങ്ങളിൽ ഹർത്താൽ പൂർണ്ണമായിരുന്നു. തീവണ്ടി സർവ്വീസ് പതിവ് പോലെ നടന്നെകിലും യാത്രക്കാർ കുറവായിരുന്നു. ദൂരദിക്കിലേക്ക് പോകാനുള്ള യാത്രക്കാരിൽ പലരും റെയിൽവെ സ്റ്റേഷനിൽ എത്താൻ കഴിയാത്തതിനാൽ പ്രയാസപ്പെട്ടു.
ഹാജർനില കുറവായിരുന്നെങ്കിലും സിവിൽ സ്റ്റേഷൻ തുറന്നു പ്രവർത്തിച്ചു. ശരണം വിളികളുമായി ഹർത്താൽ അനുകൂലികൾ കാസർകോട് നഗരത്തിൽ പ്രകടനം നടത്തി. പ്രകടനത്തിന്റെ പിൻനിരയിൽ ഉണ്ടായിരുന്നവർ തുറന്നുകിടന്ന ജില്ലാബാങ്കും റോഡരികിലെ കടകളും നിർബന്ധപൂർവ്വം അടപ്പിച്ചു. മത്സ്യ മാർക്കറ്റ് പരിസരത്ത് തുറന്നുകിടന്ന കടകൾ അടപ്പിക്കാനുള്ള പ്രകടനക്കാരുടെ ശ്രമം നേരിയ സംഘർഷത്തിലെത്തി. പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ചില പ്രവർത്തകർ വലിച്ചെറിഞ്ഞു.
പ്രകടനത്തിന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, രവീശ തന്ത്രി കുണ്ടാർ, അഡ്വ. സദാനന്ദ റൈ, ജില്ലാ ജനറൽ സെക്രട്ടറി പി. രമേശൻ, എൻ. സതീശൻ, സവിത, കെ. മാധവൻ, കെ.ടി കമ്മത്ത്, ദുഗ്ഗപ്പ പൂജാരി, സൂരജ് ഷെട്ടി, ശങ്കരൻ നേതൃത്വം നൽകി.
കാഞ്ഞങ്ങാട്: കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ബസ്സുകളൊന്നും റോഡിൽ ഇറങ്ങിയില്ല. ഹോട്ടലുകളും ഇംഗ്ലീഷ് മരുന്നു ഷോപ്പുകളും അടഞ്ഞുകിടന്നു. വിവിധ സർക്കാർ ഓഫീസുകളിലെ ഹാജർ നിലയെയും ഹർത്താൽ ബാധിച്ചു. ഇരു ചക്ര-സ്വകാര്യവാഹനങ്ങൾ ഓടി.ഹർത്താൽ അനുകൂലികൾ കാഞ്ഞങ്ങാട്ട് പ്രകടനം നടത്തി. എസ്.പി ഷാജി, കൗൺസിലർമാരായ എച്ച്.ആർ ശ്രീധരൻ, എം. ബൽരാജ്, കെ. ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.