കാഞ്ഞങ്ങാട്: ദക്ഷിണ കർണ്ണാടകയുടെയും അത്യുത്തര കേരളത്തിന്റെയും സ്വപ്നപദ്ധതിയായ കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ റെയിൽപാതയുടെ പകുതിവിഹിതം അനുവദിക്കുന്നത് സംബന്ധിച്ച് കർണ്ണാടക മന്ത്രിസഭ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. കേന്ദ്രമാനദണ്ഡം അനുസരിച്ച് സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന പദ്ധതികളുടെ പകുതിവിഹിതം അതത് സംസ്ഥാന സർക്കാരുകൾ വഹിക്കേണ്ടതുണ്ട്.
91 കിലോമീറ്റർ ദൈർഘ്യമുള്ള നിർദ്ദിഷ്ട പാതയുടെ കേരളത്തിലൂടെ കടന്നുപോകുന്ന 45 കിലോമീറ്റർ പാതയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകാനും പദ്ധതിയുടെ പകുതി വിഹിതം അനുവദിക്കാനും സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ഇതുസംബന്ധിച്ച് സർക്കാർ കേന്ദ്ര റെയിൽവേ ബോർഡിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കർണ്ണാടകയുടെ തീരുമാനം ആരാഞ്ഞുകൊണ്ട് റെയിൽവേ മന്ത്രാലയം കർണ്ണാടക സർക്കാരിന് കത്തെഴുതിയിരുന്നു.
പാത യാഥാർത്ഥ്യമാകുന്നതിന് കർണ്ണാടക സർക്കാരും കേരളത്തിന് സമാനമായ തീരുമാനമെടുക്കേണ്ടതുണ്ട്. ഈ ആവശ്യം ഉന്നയിച്ചാണ് കർമ്മസമിതി ഭാരവാഹികളായ സി. യൂസഫ്ഹാജി, ടി. മുഹമ്മദ് അസ്ലം, എ. ഹമീദ്ഹാജി, എം.ബി.എം.അഷറഫ്, സൂര്യനാരായണഭട്ട്, ജനതാദൾ(എസ്) കർണ്ണാടക സംസ്ഥാന വൈസ് പ്രസിഡന്റ് സദാശിവ, കോൺഗ്രസ് നേതാക്കളായ ടി.എം.സയ്യിദ്, സെക്രട്ടറി ജയറാംഭട്ട് എന്നിവർ മംഗളൂരുവിൽ കർണ്ണാടക മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും കണ്ടത്.
പാതയുടെ സർവേനടപടികൾ കഴിഞ്ഞവർഷം തന്നെ പൂർത്തിയായിരുന്നുവെങ്കിലും പദ്ധതിവിഹിതം സംബന്ധിച്ച് കേരള-കർണ്ണാടക സംസ്ഥാന സർക്കാരുകൾ തീരുമാനമെടുക്കാതിരുന്നതാണ് വൈകാൻ കാരണമാകുന്നത്. കേരള സർക്കാരിന്റെ തീരുമാനങ്ങളുടെ പകർപ്പും നിവേദകസംഘം കർണ്ണാടക മുഖ്യമന്ത്രിക്ക് നൽകി.