കണ്ണൂർ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കർമ്മ സമിതിയും പ്രഖ്യാപിച്ച പകൽ ഹർത്താലിൽ ജനം വലഞ്ഞു. പലരും ജോലിക്കും മറ്റും പോകാനായി പുറപ്പെട്ട് റോഡിലെത്തിയപ്പോഴാണ് ഹർത്താൽ വിവരം അറിയുന്നത്. ബി.ജെ.പിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഹർത്താൽ പൊതുവെ സമാധാനപരമായിരുന്നെങ്കിലും ചിലയിടത്ത് വാഹനങ്ങൾ തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. സർക്കാർ ഓഫീസുകളിലും ബാങ്കുകളിലും മറ്റും ഹാജർനില നന്നേ കുറവായിരുന്നു.
രാവിലെ ഏതാനും സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും റോഡിലിറങ്ങിയെങ്കിലും പിന്നീട് നാമമാത്രമായി. ഉച്ചയോടെ കാൽടെക്സ് ജംഗ്ഷനിൽ ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിച്ചതോടെ ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു.
പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് നാമജപവുംനടത്തി. തുടർന്ന് ടൗൺ എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തിയാണ് ഇവരെ അറസ്റ്റുചെയ്ത് നീക്കിയത്. തലശേരി, കൊളശേരി എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ ടയർ കത്തിച്ച് ഗതാഗത തടസ്സമുണ്ടാക്കി.
അറസ്റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി യുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രവർത്തകർ പ്രകടനം നടത്തി. സംസ്ഥാന സെൽ കോ- ഓഡിനേറ്റർ കെ. രഞ്ജിത്ത്, കെ.ജി. ബാബു, കെ.കെ. വിനോദ് കുമാർ, എം.കെ. വിനോദ്, ആർ.കെ. ഗിരിധർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
പിണറായി, പെരളശേരി പ്രദേശങ്ങളിൽ കടകൾ സാധാരണ പോലെ തുറന്നുപ്രവർത്തിച്ചു.
ഇരിട്ടിയിൽ ഹർത്താൽ പൂർണ്ണവും സമാധാനപരവുമായിരുന്നു. ഏതാനും മെഡിക്കൽ ഷോപ്പുകളൊഴികെ കടകളെല്ലാം അടഞ്ഞു കിടന്നു. ഹർത്താൽ അറിയാതെ രാവിലെ 7 മണിയോടെ എത്തിയവരോട് വേഗത്തിൽ ടൗൺ കടന്നു പോകാൻ സമരക്കാർ ആവശ്യപ്പെട്ടു. പച്ചക്കറി കടകളും പഴക്കടകളും അടച്ചു. ഇതിനിടെ കർണ്ണാടകയിൽ നിന്നെത്തിയ ആർ.ടി.സി ബസുകളെ പോകാൻ അനുവദിച്ചു.
ഇരിട്ടി സി.ഐ. രാജീവൻ വലിയവളപ്പിലിന്റെയും എസ്.ഐ. സുനിൽ കുമാറിന്റെയും നേതൃത്വത്തിൽ സുരക്ഷയൊരുക്കി. തുടർന്ന് ആചാരസംരക്ഷണ സമിതിയുടെയും ഹിന്ദു ഐക്യവേദിയുടേയും നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു. പി.എം. രവീന്ദ്രൻ, എം.ആർ. സരേഷ്, സത്യൻ കൊമ്മേരി, ടി. രജികുമാർ, പി. രഘു, സജിത്ത് കീഴൂർ, എം. സരേഷ് ബാബു, പി.വി. അജേഷ്, കെ. ശിവശങ്കരൻ , പ്രിജേഷ് അളോറ എന്നിവർ നേതൃത്വം നൽകി.
മൈസൂരുവിൽ നിന്നും തലശ്ശേരിയിലേക്ക് പോകേണ്ട ബസ് യാത്രികരെ ഇരിട്ടി ടൗണിൽ ഇറക്കിയതിനെ തുടർന്ന് ഇവരെ മറ്റ് വാഹനങ്ങളിൽ നാട്ടിലെത്തിച്ചു. ചെറുപുഴ മേഖലയിലും ഹർത്താൽ പൂർണ്ണമായിരുന്നു.
കൂത്തുപറമ്പ് ടൗണിലും പരിസര പ്രദേശങ്ങളിലും കടകളും, വ്യാപാര സ്ഥാപനങ്ങളും അടഞ്ഞ് കിടന്നപ്പോൾ പാട്യം, പാതിരിയാട് മേഖലകളിൽ കടകൾ സാധാരണ പോലെ തുറന്നു പ്രവർത്തിച്ചു. ഇരു ചക്രവാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളും മാത്രമെ സർവീസ് നടത്തിയുള്ളു.
ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ നാമജപയാത്ര സംഘടിപ്പിച്ചു. തൊക്കിലങ്ങാടി ടൗണിൽ നടന്ന പരിപാടിയിൽ എ.പി. പുരുഷോത്തമൻ, വി. ജ്യോതിബാബു, വി. സത്യൻ, ശ്യാം പ്രസാദ്, സി.കെ. സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.
ഹർത്താലിനിടെ തലശ്ശേരിയിലും വ്യാപക അക്രമം നടന്നു. വാഹനങ്ങൾ തടയാനും കടകൾ അടപ്പിക്കാനുമുള്ള ശ്രമങ്ങൾ പലയിടത്തും സംഘർഷത്തിന് ഇടയാക്കി. തലായ്, ടെമ്പിൾഗേറ്റ്, കുയ്യാലി, എരഞ്ഞോളിപ്പാലം, മൂന്നാംമൈൽ, നായനാർ റോഡ്, ഡയമണ്ട്മുക്ക്, മഞ്ഞോടി എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റിയാണ് യാത്രാസൗകര്യം ഒരുക്കിയത്.
തലശ്ശേരി നഗരത്തിലെ കടകൾ പ്രകടനത്തിൽ പങ്കെടുത്തവർ ബലം പ്രയോഗിച്ച് അടപ്പിച്ചു. ഒ.വി റോഡിലെ കീർത്തി ആശുപത്രിയ്ക്ക് മുന്നിലെ തട്ടുകടയും ഒ.വി റോഡിലെ ഫാസ്റ്റ്ഫുഡ് കടയും അക്രമിച്ചു. തലശ്ശേരി മത്സ്യ മാർക്കറ്റിലെ മത്സ്യ പെട്ടികൾ വലിച്ചെറിഞ്ഞതിനിടെ പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും ഹർത്താലുണ്ടായി. പെട്രോൾ പമ്പുകളും പൂട്ടിച്ചു. അയ്യപ്പഭക്തന്മാരുടെ വാഹനങ്ങളടക്കം ദീർഘദൂര വാഹനങ്ങളും മത്സ്യ വണ്ടികളും ഇന്ധനം കിട്ടാതെ നിർത്തി. വിശ്വഹിന്ദു പരിഷത്ത് ഓർഗനൈസിംഗ് സെക്രട്ടറി ടി.വി. പ്രേമന്റെ നേതൃത്വത്തിൽ പെരിങ്ങാടിയിൽ നിന്നും മാഹി ടൗണിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ചാലക്കരയിൽ നിന്ന് പള്ളൂരിലേക്ക് നടന്ന പ്രകടനത്തിന് പൂവ്വാച്ചേരി വിജയൻ നേതൃത്വം നൽകി.