പയ്യന്നൂർ: ജല അപകടങ്ങൾക്ക് മുമ്പിൽ പകച്ചു നിൽക്കാതെ രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ ജലയാനങ്ങളിൽ പരിശീലനം നൽകുന്നു.നീന്തലിലെ ലോക റെക്കോർഡ് താരം ചാൾസൺ ഏഴിമലയുടെ നേതൃത്വത്തിലാണ് അഞ്ച് ദിവസത്തെ പരിശീലനത്തിന്റെ ഭാഗമായി ഇന്ന് പഴയങ്ങാടി വയലപ്ര ഫ്ലോട്ടിംഗ് പാർക്കിൽ പരിശീലനം നൽകുക.
ഡി.വൈ.എഫ്.ഐ. ജില്ലാ യൂത്ത് ബ്രിഗേഡിന്റെ സഹകരത്തോടെ ചാൾസൺ സിമ്മിംഗ് അക്കാദമി ട്രസ്റ്റാണ് പരിശീലനം നൽകുന്നത്. കടൽ-ഉൾനാടൻ മത്സ്യത്തൊഴിലാളികളും സഹകരിക്കും.
നാടൻ വള്ളങ്ങൾ,കായാക്കിംഗ്, യന്ത്രവത്കൃത വള്ളങ്ങൾ തുടങ്ങിയ ഇരുപത്തഞ്ചോളം വള്ളങ്ങളിലാണ് പരിശീലനം നൽകുക. പരിശീലനം രാവിലെ ഏഴിന് ആരംഭിക്കും. ഏത് പ്രതികൂല കാലാവസ്ഥയിലും രക്ഷാ ദൗത്യം നിർവ്വഹിക്കുന്നതിനുള്ള പരിശീലനവും ധൈര്യവും നൽകി സേവന സന്നദ്ധരായ അൻപതംഗ സംഘത്തെ ഒരുക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ രണ്ടാഴ്ച കവ്വായി കായലിൽ നീന്തൽ പരിശീലനവും തുടർന്ന് ആയാസരഹിതമായ ദീർഘദൂര നീന്തലും നടത്തിയിരുന്നു. പരിപാടിയുടെ മൂന്നാംഘട്ടമായാണ് ജലയാനങ്ങളിൽ പരിശീലനം നൽകുന്നത്.
ഡിസംബർ രണ്ടിന് മുഴപ്പിലങ്ങാട് ബീച്ചിലും 16ന് പയ്യാമ്പലം കടലിലുമായി പരിശീലനം തുടരും. പരിശീലനങ്ങൾ സൗജന്യമാണ്. പഠിതാക്കളിൽ നിന്നും സ്വീകരിക്കുന്ന സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഫോൺ: 9745200254.