കൂട്ടുപുഴ: കൂട്ടുപുഴ പുതിയ പാലം നിർമ്മാണത്തിൽ പ്രതീക്ഷ ഉണർത്തി കേന്ദ്ര ഇടപെടൽ. കേരള -കർണാടക അയൽസംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടലുണ്ടാകുമെന്നാണ് അറിയുന്നത്.
വന്യജീവി സങ്കേതത്തിന്റെ അധീനതയിലുള്ള മൂന്ന് മീറ്ററോളം ഭൂമി കൈയേറിയെന്നാരോപിച്ചാണ് കർണാടക വനംവകുപ്പ് തടസവാദവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിൽ പ്രവൃത്തി മുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടൽ.
പ്രശ്നം കേന്ദ്ര ഇടപെടലോടെ തീരുമെന്നാണ് പ്രതീക്ഷ. കർണാടക സർക്കാരിന്റെ അനുമതി ലഭിച്ചാൽ പാലം പ്രവൃത്തി പുനരാരംഭിക്കും. തലശേരി - വളവുപാറ കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് കൂട്ടുപുഴയിൽ പുതിയ പാലം പണിയുന്നത്. എന്നാൽ പാലത്തിന്റെ മറുഭാഗം കർണാടക ഭൂമിയായതാണ് തർക്കത്തിന് കാരണമായത്. ഇതോടെ പാലം നിർമ്മാണം പ്രതിസന്ധിയിലാവുകയായിരുന്നു.
കർണാടകയിലേക്കുള്ള പ്രധാനപാതയായ കൂട്ടുപുഴയിലെ പഴയപാലം പലപ്പോഴും ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്. കൂടാതെ പഴയ പാലം അപകടഭീഷണിയും ഉയർത്തുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയപാലം നിർമ്മിക്കുന്നത്.
പാലം നിർമ്മാണ പ്രതിസന്ധി പരിഹരിക്കാനായി മന്ത്രിതല ചർച്ചകൾ നടന്നെങ്കിലും പരിഹരിക്കാൻ സാധിച്ചിരുന്നില്ല.
മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേത ഭൂമിയുടെ സമീപ പ്രദേശമായതിനാൽ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും കർണാടക സർക്കാരിന്റെയും സംസ്ഥാന വനം വകുപ്പിന്റെയും മുൻകൂർ അനുമതി വേണമെന്നത് പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൂട്ടുപുഴ പാലം നിർമ്മാണപ്രവൃത്തി കർണാടകം തടഞ്ഞത്.
ബ്രഹ്മഗിരി വന്യജീവി സങ്കേതം പ്രഖ്യാപിക്കുന്നതിന് മുൻപ് 1908ൽ കൂട്ടുപുഴ പുഴയായിരുന്നു മൈസൂരിന്റെ അതിർത്തിയായി കണക്കാക്കിയത്.
അതുകൊണ്ട് തന്നെ പുതിയ കൂട്ടുപുഴ പാലത്തിന്റെ മറുകര പൂർണമായും കർണാടകയുടേതാണെന്നായിരുന്നു കർണാടക സർക്കാരിന്റെ വാദം.
കെ.എസ്.ടി.പി അധികൃതർ കർണാടക വനംവകുപ്പ് ചീഫ് കൺസർവേറ്റർക്ക് പാലം നിർമ്മാണാനുമതിയ്ക്കായി കത്ത് നൽകിയെങ്കിലും നടപടികളൊന്നുുമുണ്ടായില്ല.