കണ്ണൂർ: ഹോമിയോപ്പതി ബിരുദ കോഴ്സിന് വിദ്യാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്ന കൗൺസലിംഗിലെ കാലതാമസം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ കൈക്കൊള്ളണമെന്ന് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) ഉത്തരമേഖലാ സമ്മേളനം എന്റിച്ച് 2018 ആവശ്യപ്പെട്ടു. ദേശീയ ഹോമിയോപ്പതി കമ്മീഷനിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിനുപകരം ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിലൂടെ ആക്കണമെന്നും സമ്മേളനം കേന്ദ്രസക്കാരിനോട് ആവശ്യപ്പെട്ടു.
കണ്ണൂർ മലബാർ റസിഡൻസിയിൽ നടന്ന സമ്മേളനം പി.കെ.ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. താരതമ്യേന ചെലവു കുറഞ്ഞതും സാധാരണക്കാരുടെ ചികിത്സ എന്ന നിലയിൽ പ്രചുരപ്രചാരം നേടുകയും ചെയത ഹോമിയോപ്പതി മേഖലയുടെ ഉന്നമനത്തിനാവശ്യമായ എല്ലാ പിന്തുണയും സർക്കാരുകൾ ചെയ്യണം. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കൂടുതൽ ഹോമിയോപ്പതി ഡിസ്പെൻസറികൾ ആരംഭിക്കേണ്ടതുണ്ട്. ഇക്കാര്യം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപെടുത്തി സാധ്യമായതെല്ലാം ചെയ്യുമെന്നും പി.കെ. ശ്രീമതി പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് ഐ.എച്ച്.എം.എ ദേശീയ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് നിർവ്വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ശാസ്ത്ര സെമിനാർ ഐ.എച്ച്എംഎ. സ്കൂൾ ഓഫ് ഹോമിയോപ്പതി ഡയറക്ടർ ജനറൽ ഡോ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മുംബൈ ഹോമിയോപ്പതിക് മെഡിക്കൽ കോളജ് അസി. പ്രൊഫസർ ഡോ. രവി പ്രബന്ധം അവതരിപ്പിച്ചു. വിവിധ രോഗങ്ങൾക്ക് ഹോമിയോപ്പതി ഗവേഷണങ്ങളിലൂടെ വികസിപ്പിച്ച ഔഷധങ്ങൾ, ചികിത്സാ രീതികൾ എന്നിവയെ കുറിച്ചും മാറുന്ന കാലത്തിൽ പുതുതായി ഉണ്ടായേക്കാവുന്ന രോഗങ്ങളെ കുറിച്ചും അവയുടെ പ്രതിരോധത്തെകുറിച്ചും ഡോ. രവി വിശദീകരിച്ചു. ദേശീയ പ്രസിഡന്റ് ഡോ. വി.കെ. അജിത് കുമാർ, സെക്രട്ടറി ജനറൽ ഡോ. അരുൾവാണൻ, സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. പ്രശാന്ത് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മായാറാണി സേനൻ എന്നിവർ പ്രസംഗിച്ചു.