പഴയങ്ങാടി: സംഘർഷാവസ്ഥ പരിഗണിച്ച് കണ്ണപുരം സ്വദേശിനി രേഷ്മാ നിശാന്ത് ശബരിമല ദർശനം മാറ്റി. മലയ്ക്ക് പോകുമെന്ന പ്രചരണത്തെ തുടർന്ന് വീടിന് മുന്നിൽ പ്രതിഷേധക്കാർ തമ്പടിച്ചതോടെയാണ് തീരുമാനം. പ്രതിഷേധ സാദ്ധ്യതയെ തുടർന്ന് കണ്ണപുരം പൊലീസും എത്തിയെങ്കിലും തീരുമാനം അറിഞ്ഞതോടെ പ്രതിഷേധക്കാരും പിന്മാറി.
ദർശനം ലക്ഷ്യമിട്ട രേഷ്മ ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നിന്നും മാല ഇട്ടത് അറിഞ്ഞത് മുതൽ ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയിരുന്നു. ഇവരെ എതിർത്തും അനുകൂലിച്ചും നവമാദ്ധ്യമങ്ങളിലും പലരുമെത്തിയിരുന്നു.
വർഷങ്ങളായി മണ്ഡലകാലത്ത് നോമ്പ് നോക്കാറുണ്ടെന്നും കോടതിവിധി അനുകൂലമായതാണ് ശബരിമലയിൽ പോകാനുള്ള ആഗ്രഹത്തിന് കാരണമെന്നും ഇവർ പറയുന്നു. ഭർത്താവ് നിശാന്തിന്റെയും ബന്ധുക്കളുടെയും അനുവാദത്തോടെയാണ് തീരുമാനം. തൃപ്തി ദേശായിയെ എയർപോർട്ടിൽ തടഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം തത്കാലം നീട്ടുന്നത്.
മന്ത്രി ഇ.പി. ജയരാജനടക്കം ദർശനത്തിന് സൗകര്യമൊരുക്കുമെന്ന് അറിയിച്ചിരുന്നു. താനൊരു വിശ്വാസി ആയതുകൊണ്ടാണ് പോകുന്നതെന്നും രേഷ്മ ആവർത്തിക്കുന്നു. മാല അഴിച്ചെന്നും ശബരിമല യാത്ര ഉപേക്ഷിച്ചെന്നും കുപ്രചരണം നടക്കുന്നതായും തത്കാലം വിവാദത്തിന് താത്പര്യമില്ലെന്നും ഇവർ പറയുന്നു.