കണ്ണൂർ: പുല്ലൂപ്പിക്കടവിലെ കൈപ്പാടുനിലത്ത് ചെമ്മീൻ കൃഷി ചെയ്യുന്നവർ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രവും ജീവിക്കാനുള്ള അവകാശവും ഇല്ലാതാക്കുന്നെന്ന് ആരോപിച്ച് പുല്ലൂപ്പിക്കടവ് കൈപ്പാട് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.
'ഒരു നെല്ലും ഒരു മീനും' പദ്ധതിയുടെ പേരിൽ ഇവർ സബ്സിഡി തുക അടിച്ചുമാറ്റുകയാണെന്നും തലമുറകളായി കൃഷി ചെയ്തും മീൻ പിടിച്ചും ഉപജീവനം നടത്തിയവരെ ബുദ്ധിമുട്ടിലാക്കിയെന്നും സമരക്കാർ ആരോപിക്കുന്നു.
ഇതിനെതിരെ 'കൈപ്പാട് ഭൂമി തിരിച്ചു പിടിക്കൽ സമരം' എന്ന പേരിൽ 25ന് രാവിലെ പുല്ലൂപ്പി ബസ് സ്റ്റോപ്പിൽ നിന്ന് കൈപ്പാട് നിലങ്ങളിലേക്ക് മാർച്ച് നടത്തും. യോഗം എം.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു.
അജിത് കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. കെ.വി. ഹരീന്ദ്രൻ, വന്ദനാ നായർ, ശ്രീജിത് കൊയ്ലേറിയാൻ എന്നിവർ സംസാരിച്ചു.