കാസർകോട് : ദേശീയപാതയിൽ കറന്തക്കാട് വെച്ച് സ്‌കൂട്ടറിൽ ലോറിയിടിച്ച് തളങ്കര ഖാസിലൈനിലെ മുജീബ് റഹ് മാൻ (42) മരിക്കാനിടയായ സംഭവത്തിൽ അപകടം വരുത്തി നിർത്താതെ ഓടിച്ചുപോയ ലോറി തമിഴ്നാട്ടിൽ നിന്നും പൊലീസ് കണ്ടെത്തി ഡ്രൈവറെ അറസ്റ്റു ചെയ്തു. തമിഴ്നാട് നാമക്കൽ റാസിപുരം രാമസ്വാമി സ്ട്രീറ്റ് സ്വദേശി യുവരാജിനെ (32)യാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ടി എൻ 88 ബി 4664 നമ്പർ ലോറിയും കസ്റ്റഡിയിലെടുത്തു കാസർകോട്ടേക്ക് കൊണ്ടുവന്നു. അപകടത്തെ തുടർന്ന് നിർത്താതെ പോയ ലോറി കണ്ടെത്താൻ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. തമിഴ്നാട് രജിസ്‌ട്രേഷൻ നമ്പറിലുള്ള ലോറിയാണ് അപകടം വരുത്തിയതെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് കാസർകോട് സി.ഐ. വി.വി. മനോജ്, ടൗൺ എസ്.ഐ പി അജിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണ് ലോറി കണ്ടെത്തിയത്. സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൽ സലാം, കുഞ്ഞബ്ദുല്ല, അനൂപ്, രൂപേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.