k-sudhakaran

കണ്ണൂർ: ശബരിമലയിൽ ബ്ലൂസ്റ്റാർ ഒാപ്പറേഷനാണ് നടക്കുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയെ കുറിച്ച് ജനമനസിലെ വിശ്വാസം തകർക്കാനുള്ള ബോധപൂർവമായ എൽ.ഡി.എഫ് സർക്കാരിന്റെ പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

പൊലീസുകാരുടെ സാന്നിദ്ധ്യമാണ് നിലവിൽ സന്നിധാനത്തെ പ്രധാന പ്രശ്‌നം. നേരത്തേ ആർ.എസ്.എസുകാരുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇവരാരുമില്ല. പിന്നെന്തിനാണ് ശബരിമലയിൽ പൊലീസിന്റെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ നടത്തുന്നത്. മുമ്പ് പൊലീസുകാർ ശബരിമലയിൽ പാലിച്ചിരുന്ന ചിട്ടകളെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.

അയ്യപ്പൻമാർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലുമുള്ള സൗകര്യമില്ല. നിയമനിർമ്മാണം നടത്തി പ്രശ്‌നം പരിഹരിക്കാൻ എന്താണ് തടസമെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം ജനങ്ങളോട് പറയണം. ഇത്രയും പ്രശ്നങ്ങൾ നടന്നിട്ടും മുഖ്യമന്ത്രി ശബരിമലയിൽ പോകുകയോ വസ്തുതകൾ അറിയാനുള്ള താത്പര്യം കാട്ടുകയോ ചെയ്തിട്ടില്ല.

ബി.ജെ.പിക്കും ഇക്കാര്യത്തിൽ രാഷ്ട്രീയക്കളിയാണ്. സാന്നിദ്ധ്യം കൊണ്ട് പ്രശ്നം ഉണ്ടാക്കുകയാണ് ആർ.എസ്.എസിന്റെ ലക്ഷ്യം. ഭക്തജനങ്ങളെ സംരക്ഷിക്കാൻ സാധിക്കാത്ത ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും രാജിവയ്ക്കണമെന്നും കെ. സുധാകരൻ പറഞ്ഞു.