കാഞ്ഞങ്ങാട്: മടിക്കൈ ഗ്രാമപഞ്ചായത്തിലെ വെള്ളൂടയിൽ പ്രവർത്തിക്കുന്ന സോളാർ പാർക്കിനെതിരെ ജനരോഷം ശക്തമാകുന്നു. പാർക്കിനു വേണ്ടി അഞ്ഞൂറേക്കർ സ്ഥലമാണ് പഞ്ചായത്ത് വിട്ടുനൽകിയത്. പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ അടിസ്ഥാന വികസനരംഗത്ത് വലിയമാറ്റമാണ് ജനങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ പാർക്കിൽ നിന്ന് വൈദ്യുതി ഉത്പാദനം തുടങ്ങിയതോടെ നാട്ടുകാരുടെ പ്രയാസങ്ങൾ ബന്ധപ്പെട്ടവർ അവഗണിക്കുന്നതാണ് അവരെ രോഷാകുലരാക്കുന്നത്. അഞ്ഞൂറേക്കർ കമ്പിവേലികെട്ടി പാർക്കിന്റേതായപ്പോൾ നാട്ടുകാരുടെ വഴി മുടങ്ങുകയും ചെയ്തു. കുട്ടികൾക്കുള്ള കളിസ്ഥലവും നഷ്ടപ്പെട്ടു.

23 കുടുംബങ്ങളെ പാർക്കിനുവേണ്ടി കുടിയൊഴിപ്പിച്ചപ്പോൾ അതിലൊരു കുടുംബത്തിലൊരാൾക്കു പോലും ജോലി നൽകിയിട്ടില്ല. മഴവെള്ള സംഭരണി, കുട്ടികളുടെ പാർക്ക്, തെരുവുവിളക്ക് എന്നിവയും വാഗ്ദാനത്തിൽപെട്ടിരുന്നു.എന്നാൽ ഇതെല്ലാം തന്നെ പാർക്ക് നിർമ്മാണം ഏറ്റെടുത്ത കേന്ദ്ര ഗവ. സ്ഥാപനമായ ഇറിഡയും വിസ്മരിച്ച മട്ടിലാണ്.

ഇറിഡ ഓഫീസിലേക്ക് 23 ന് സി.പി.എം മാർച്ച്

കാഞ്ഞങ്ങാട്: സോളാർ പാർക്കിന് സ്ഥലം കൈമാറുമ്പോൾ നാട്ടുകാരുമായുണ്ടാക്കിയ ധാരണ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം അമ്പലത്തുകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 23 ന് കാഞ്ഞങ്ങാട് സൗത്തിലുള്ള ഇറിഡയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശീന്ദ്രൻ മടിക്കൈ, സി.പി.എം നേതാക്കളായ ബി. ബാലൻ, കെ. നാരായണൻ, രതീഷ് കുണ്ടറ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പാർക്കിനകത്ത് തികച്ചും അനധികൃതമായാണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഇവർ ആരോപിച്ചു. മാർച്ചുകൊണ്ട് ഫലമുണ്ടായില്ലെങ്കിൽ വെള്ളൂടയിലെ പാർക്കിലേക്കു തന്നെ ജനങ്ങൾ നീങ്ങുമെന്നും അവർ വ്യക്തമാക്കി.