പാനൂർ: പന്ന്യന്നൂർ ഇല്ലോൾ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് നേരെ അക്രമം. മഹേഷ് നിവാസിൽ മഹേഷിന്റെ ഓട്ടോയാണ് തിങ്കളാഴ്ച അർധരാത്രി തകർത്തത്. മുൻവശത്തെ ചില്ലുകൾ അടിച്ചു തകർത്ത സംഘം സീറ്റുകൾ പൂർണ്ണമായും നശിപ്പിച്ചു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തെത്തുമ്പോഴേക്കും അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചതായി പാനൂർ പൊലീസ് അറിയിച്ചു.
സി.പി.എം. പ്രവർത്തകർക്ക് മർദ്ദനം: 10 പേർക്കെതിരെ കേസ്
പാനൂർ: സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെ ബൈക്ക് തടഞ്ഞ് മർദ്ദിച്ച സംഭവത്തിൽ 10 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു. കഴിഞ്ഞ ഹർത്താൽ ദിനത്തിലാണ് സി.പി.എം. ചമ്പാട് ബ്രാഞ്ച് കമ്മിറ്റിയംഗം ഇടവലത്ത് നസീർ(45), അരയാക്കൂൽ ബ്രാഞ്ച് കമ്മിറ്റിയംഗം റഫീഖ് (51)എന്നിവരെ ഹർത്താലനുകൂലികൾ ബൈക്ക് തടഞ്ഞു നിർത്തി മർദ്ദിച്ചത്. കണ്ടാലറിയാവുന്ന രണ്ട് പേരടക്കം പത്ത് പേർക്കെതിരെയാണ് കേസെടുത്തത്.