പാനൂർ: കൊളവല്ലൂരിലെ രാഷ്ട്രീയ സംഘർഷത്തിൽ രണ്ട് ബി.ജെ.പി പ്രവർത്തകർക്കും ഒരു സി.പി.എം പ്രവർത്തകനും വെട്ടേറ്റ സംഭവത്തിൽ 16 പേർക്കെതിരെ കൊളവല്ലൂർ പൊലീസ് കേസെടുത്തു. 6 സി.പി.എം പ്രവർത്തകർക്കും പത്തോളം ബി.ജെ.പി പ്രവർത്തകർക്കുമെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ബി.ജെ.പി. പ്രവർത്തകൻ നിഖിലി(32)നാണ് ആദ്യം വെട്ടേറ്റത്. തലയ്ക്കും കൈക്കും സാരമായി പരിക്കേറ്റ ഇയാളെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ ബൈക്ക് യാത്രികനായ സി.പി.എം. പ്രവർത്തകൻ തൂവ്വക്കുന്നിലെ കുട്ടക്കെട്ടിൽ ബിനീഷ്(32)നും വെട്ടേറ്റു. സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ബി.ജെ.പി പ്രവർത്തകൻ തൂവ്വക്കുന്നിലെ നെല്ലിയുള്ള പറമ്പത്ത് അജീഷി(40) നും വെട്ടേറ്റു. ഇയാളെ കോഴിക്കോട് ഉള്ള്യേരി മലബാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അജീഷിന് വെട്ടേറ്റ സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവസ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്‌. ഇതിനിടെ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നലെ ഒരുമണി മുതൽ അഞ്ചുവരെ കൊളവല്ലൂരിൽ സി.പി.എം ഹർത്താൽ ആചരിച്ചു.