കാഞ്ഞങ്ങാട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ റസ്റ്റ് ഹൗസിലെ മുറിയിൽ കാണാനെത്തിയ ബി.ജെ.പി പ്രവർത്തകൾ പ്രകോപിതരായി തർക്കത്തിലേർപ്പെട്ടതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് ഹോസ്ദുർഗിലെ ഗവ. റസ്റ്റ് ഹൗസിലാണ് സംഭവം. ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തിന്റെ നേതൃത്വത്തിൽ 20 പേരടങ്ങിയ സംഘമാണ് മന്ത്രിയെ കാണാനെത്തിയത്. ആദ്യം പൊലീസ് തടഞ്ഞെങ്കിലും മന്ത്രി കടത്തിവിടാൻ പറഞ്ഞതോടെ മുറിയിലേക്ക് വിട്ടു. ശബരിമലയിൽ അയ്യപ്പഭക്തന്മാർക്ക് ശരണം വിളിക്കാൻ കഴിയുന്നില്ലെന്നും പൊലീസ് ബുദ്ധിമുട്ടിക്കുകയാണെന്നും സംഘം പരാതിപ്പെട്ടു. അതൊക്കെ അടിസ്ഥാനരഹിതമാണെന്നും യഥാർത്ഥ അയ്യപ്പഭക്തർക്ക് ഒരു പ്രശ്‌നവുമില്ലെന്നും മന്ത്രി മറുപടി നൽകി. ഇതിൽ പ്രകോപിതരായ ബി.ജെ.പി നേതാക്കൾ ബഹളമുണ്ടാക്കി തർക്കിച്ചു. തുടർന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതോടെ പൊലീസ് ബലം പ്രയോഗിച്ച് പുറത്താക്കി.ബഹളം തുടർന്നതോടെ ഇവരെ അറസ്റ്റ് ചെയ്ത് ഹോസ്ദുർഗ് സ്റ്റേഷനിലേക്ക് മാറ്റി. ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ, ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി എൻ. ബാബുരാജ് ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിരുന്നു. വൈകിട്ട് ജാമ്യം അനുവദിച്ചു.