പയ്യന്നൂർ: രാമന്തളിയിൽ തുടർച്ചയായി രണ്ടാം ദിവസവും ബോംബ് സ്ഫോടനം. രാമന്തളി കക്കംപാറയിലാണ് തിങ്കളാഴ്ച രാത്രി 10.30 ഓടെ വീണ്ടും സ്ഫോടനമുണ്ടായത്. ഞായറാഴ്ച രാത്രിയും ഇതേ സ്ഥലത്ത് ബോംബ് സ്ഫോടനമുണ്ടായിരുന്നു. ഇതേ തുടർന്ന് ഇന്നലെ രാവിലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും നടത്തിയ റെയ്ഡിൽ സ്ഥലത്ത് നിന്ന് ഒരു സ്റ്റീൽ ബോംബ് കണ്ടെടുത്ത് നിർവീര്യമാക്കിയിരുന്നു. പയ്യന്നൂർ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് തിങ്കളാഴ്ച രാത്രി വീണ്ടും ഇതേ സ്ഥലത്ത് ബോംബ് സ്ഫോടനമുണ്ടായത്.
പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന സ്ഫോടനങ്ങൾ ജനത്തെ ഭീതിയിലാക്കിയിട്ടുണ്ട്. നേരത്തെ രാഷ്ട്രീയ സംഘർഷങ്ങൾ അരങ്ങേറിയ പ്രദേശത്ത് ഉണ്ടായ ബോംബ് സ്ഫോടനങ്ങൾ പൊലീസ് ഗൗരവമായി തന്നെ എടുത്തിട്ടുണ്ട്. പ്രദേശത്ത് വൻതോതിൽ ബോംബ് നിർമ്മാണവും ശേഖരവും നടക്കുന്നുവെന്ന സൂചനയാണ് അടിക്കടിയുണ്ടാകുന്ന സംഭവങ്ങൾ വെളിപ്പെടുത്തുന്നത്. എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.