kodiyeri

കണ്ണൂർ: ശബരിമലയിൽ ബി.ജെ.പി നടത്തുന്നത് രാഷ്ട്രീയ സമരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം ജില്ലാ കമ്മിറ്റി ഒാഫീസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയെ സമരകേന്ദ്രമാക്കുന്നതിൽനിന്നു ബി.ജെ.പി പിന്മാറണം. സ്ത്രീ പ്രവേശനത്തിന് എതിരല്ലെങ്കിൽ പിന്നെന്തിനാണ് ബി.ജെ.പി സമരം നടത്തുന്നത്?

ശ്രീധരൻ പിള്ളയെ ആശയപരമായ സംവാദത്തിന് കോടിയേരി വെല്ലുവിളിച്ചു.

ആർ.എസ്.എസ് ഭീകരരാണെന്നും താലിബാനിൽ ഭീകര‌ർ ചെയ്യുന്നതു തന്നെയാണ് ശബരിമലയിൽ ആർ.എസ്.എസ് ചെയ്യുന്നതെന്നും കോടിയേരി ആരോപിച്ചു.

പൊലീസ് നടപടിയിൽ നിന്നു രക്ഷപ്പെടാൻ സ്ത്രീകളെയും കുട്ടികളെയും കവചമാക്കുകയാണ്. അതിൽ നിന്നു സംഘപരിവാർ പിന്മാറണം. രാഷ്ട്രീയപരമാണെങ്കിൽ സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റണം. ബി.ജെ.പിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നയമില്ല. എന്തിനാണ് ഈ സമരമെന്നും കോടതിവിധി നടപ്പിലാക്കുകയല്ലാതെ എന്തു ചെയ്യാനാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് തന്നെ ചോദിക്കുന്നു.

ശബരിമല തകർക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ എന്നുപറഞ്ഞ് ആർ.എസ്.എസ് ശബരിമല പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ഇങ്ങനെ പല ക്ഷേത്രങ്ങളും അവർ പിടിച്ചെടുത്തിട്ടുണ്ട്.

ശബരിമലയിലേക്കു വന്ന യു.ഡി.എഫ് നേതാക്കളെ പൊലീസ് തടഞ്ഞില്ല. എന്നാൽ, അവർ പമ്പവരെ എത്തി മടങ്ങിപ്പോവുകയായിരുന്നു. ഇതെല്ലാം പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ്. 144 പ്രഖ്യാപിച്ചത് ക്രിമിനൽ പ്രവൃത്തി തടയാനും സമാധാനം നിലനിറുത്താനുമാണെന്ന് കോടിയേരി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ, പി.കെ രാഗേഷ് എം.പി എന്നിവരും ഒപ്പമുണ്ടായിരുന്നു.