കണ്ണൂർ: മകളുടെ കല്യാണത്തിനായി ഗൾഫിൽ നിന്നു വന്ന നിരപരാധി തടങ്കലിലാക്കപ്പെട്ട ചക്കരക്കല്ലിലെ മാല പിടിച്ചുപറിക്കേസിൽ ഒടുവിൽ യഥാർത്ഥ പ്രതി അറസ്റ്റിലായി. മാഹിക്കടുത്ത് അഴിയൂരിൽ കോടത്ത് റോഡിൽ ശരത്ത് വത്സരാജിനെ (45) കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള തുടരന്വേഷണസംഘമാണ് പിടികൂടിയത്. തൊണ്ടിമുതലായ അഞ്ചര പവന്റെ മാലയ്ക്കു പുറമെ പ്രതി ഉപയോഗിച്ച സ്കൂട്ടറും പൊലീസ് കണ്ടെടുത്തു
.
ഈ കേസിൽ നിരപരാധിയായ കതിരൂർ സ്വദേശി താജുദ്ദീനെ ഏതോ രൂപസാദൃശ്യത്തിന്റെ പേരുപറഞ്ഞാണ് ചക്കരക്കൽ എസ്.ഐ ആയിരുന്ന ബിജു അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ഈ ക്രൂരത വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. രണ്ടു മാസത്തോളം റിമാൻഡിൽ കഴിയേണ്ടി വന്ന താജുദ്ദീൻ, പൊലീസ് തന്നെ ആളുമാറി അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയതാണെന്ന് കാണിച്ച് മുഖ്യമന്ത്റിക്കു പരാതി നൽകുകയും മുസ്ലിംലീഗ് പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്തതോടെയാണ് പൊലീസ് തുടരന്വേഷണത്തിന് തയ്യാറായത്. ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ അന്വേഷണത്തിൽ പ്രതി താജുദ്ദീനല്ലെന്നു കണ്ടെത്തി. തുടർന്ന് നടപടിയുടെ ഭാഗമായി എസ്.ഐ ബിജുവിനെ നവംബർ ഒന്നിന് കണ്ണൂർ ട്രാഫിക് വിഭാഗത്തിലേക്ക് മാറ്റി. വൈകാതെ യഥാർത്ഥ പ്രതിയെ പിടികൂടാനും കഴിഞ്ഞു.
ഓൺലൈൻ തട്ടിപ്പു കേസിൽ കുടുങ്ങി കോഴിക്കോട് ജയിലിൽ റിമാൻഡിലായ ശരത്തിനെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സത്യം വെളിപ്പെട്ടത്.
സി.സി ടി.വി ദൃശ്യങ്ങൾ ഡിവൈ.എസ്.പി അതിസൂക്ഷ്മമായി വിശകലനം ചെയ്തതിൽ പ്രതി സ്റ്റീൽ വള ധരിച്ചതായും നെറ്റിയിൽ മുറിപ്പാടുകളുള്ളതായും കണ്ടെത്തിയിരുന്നു. ഈ സൂചനകൾ വച്ച് സംസ്ഥാനത്തെ മുഴുവൻ ക്രൈം സ്ക്വാഡുകൾക്കും വിവരം കൈമാറി. കോഴിക്കോട്ട് വഞ്ചനക്കേസിൽ റിമാൻഡ് ചെയ്യപ്പെട്ട ശരത്തിലേക്ക് അന്വേഷണം നീളാൻ പിന്നെ ഏറെ താമസമുണ്ടായില്ല. തുടക്കത്തിൽ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കിലും പഴുതില്ലെന്നു വന്നതോടെ എല്ലാം ഏറ്റു പറയുകയായിരുന്നു. മാല വിറ്റിടത്തു നിന്ന് അതു കണ്ടെടുക്കാനുമായി. കവർച്ചാവേളയിൽ ഉപയോഗിച്ച സ്കൂട്ടർ മാഹിയിലെ സുഹൃത്തിന്റേതായിരുന്നു. തത്കാലത്തേക്ക് പറഞ്ഞ് സംഘടിപ്പിച്ചതായിരുന്നു സ്‌കൂട്ടർ.
എസ്.ഐ ബിജുവിന്റെ ക്രൂരത ഇങ്ങനെ
ചക്കരക്കൽ: മകളുടെ കല്ല്യാണത്തിനായി ഗൾഫിൽ നിന്നു 10 ദിവസത്തെ ലീവിൽ വന്നതായിരുന്നു കതിരൂരിലെ താജുദ്ദീൻ. കഴിഞ്ഞ ജൂലായ് എട്ടിനായിരുന്നു കല്ല്യാണം. അതിനു രണ്ടു ദിവസം മുമ്പാണ് എസ്.ഐ ബിജുവിന്റെ വകതിരിവില്ലായ്മയ്ക്കും ക്രൂരതയ്ക്കും അദ്ദേഹം ഇരയായത്. നാട്ടുകാർക്കെല്ലാം നിരപരാധിത്വം ബോദ്ധ്യമായിട്ടും രണ്ടു മാസത്തോളം റിമാൻഡിൽ കഴിയേണ്ടിവന്നു. ജൂലായ് അഞ്ചിന് ഉച്ചയ്ക്ക് പെരളശ്ശേരിയിൽ വഴിയോരത്തു വച്ചായിരുന്നു പിടിച്ചുപറി സംഭവം. സ്കൂട്ടറിലെത്തിയ പ്രതി മക്രേരിയിലെ രാഖി എന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്നു അഞ്ചര പവന്റെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതിനു പിറകെ താജുദ്ദീൻ കസ്റ്റഡിയിലായി. ദൃശ്യങ്ങളിൽ തെളിഞ്ഞ രൂപം വച്ച് അന്വേഷണത്തിൽ പ്രതി താജുദ്ദീനാണെന്നു ചക്കരക്കൽ എസ്.ഐ ബിജു തീരുമാനിക്കുകയായിരുന്നു. താജുദ്ദീൻ ആവർത്തിച്ച് നിഷേധിച്ചിട്ടും ഫലമുണ്ടായില്ല. ജാമ്യം കിട്ടാത്ത എല്ലാ വകുപ്പുകളും ചാർത്തി റിമാൻഡിലാക്കി. മകളുടെ കല്ല്യാണം കൂടാൻ പോലുമാകാതെ 54 ദിവസം തടവിൽ കഴിയേണ്ടി വന്നു. എസ്.ഐക്കു കിട്ടിയതോ ഒരു സ്ഥലംമാറ്റം മാത്രം.