കാഞ്ഞിരോട് :കണ്ണൂർ -മട്ടന്നൂർ റോഡിൽ കാഞ്ഞിരോട്ട് സ്വകാര്യബസും ആട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ഇരിട്ടി വള്യാട് ചെറുവോട്ടെ ശ്രീനിവാസ് നിവാസിൽ ബാലകൃഷ്ണൻ (47), ബാലകൃഷ്ണന്റെ ഭാര്യാ മാതാവ് ബാലുശ്ശേരി ലക്ഷ്മി (55) എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ ത്രിലജ(34), മകൾ അഭിന (12) എന്നിവർക്കാണ് പരിക്കേറ്റത്.ത്രിലജയെ കോഴിക്കോട് ബോബി മെമ്മേറിയൽ ആശുപത്രിയിലും അഭിനയെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ഭഗവതി ബസ്സുമായി ആട്ടോറിക്ഷ കൂട്ടിയിടിക്കുകയായിരുന്നു. ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് ഓട്ടോറിക്ഷയിൽ പോവുകയായിരുന്നു ബാലകൃഷ്ണനും കുടുംബവും. ബാലകൃഷ്ണനാണ് ആട്ടോ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.സി.പി.എം കീഴൂർക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണൻ ഇരിട്ടി നഗരസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കീഴൂർകുന്ന് വാർഡിൽ നിന്ന് മത്സരിച്ചിരുന്നു.